രജിനികാന്ത്–ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുറത്തുവന്ന കൂലി ഏറെ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായി മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പല ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള വമ്പന്‍ താരനിര ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും ചിത്രത്തിന് ഗുണം ചെയ്തില്ല.
ഇതിനിടയ്ക്ക് കൂലിയിലെ അതിഥിവേഷം തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച അബദ്ധമാണെന്ന് ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രജനികാന്തിന് വേണ്ടിയാണ് കൂലിയിലെ അതിഥിവേഷം താന്‍ സ്വീകരിച്ചതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ തന്‍റെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഉദ്ദേശമൊന്നും ഉള്ളതായി തോന്നിയില്ലെന്നും ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഫൈനല്‍ പ്രോഡക്റ്റ് എന്താവുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. പ്രേക്ഷകര്‍ എന്തുകൊണ്ടാണ് നിരാശരായതെന്ന് എനിക്ക് ഇപ്പോള്‍ മനസിലാവുന്നു. അതൊരു വലിയ പിഴവായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഭാവിയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും എന്ന് ആമിര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
ഇപ്പോള്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആമിറിന്‍റെ ടീം. ആമിര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ ടീം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആമിര്‍ ഖാന്‍ അത്തരത്തില്‍ ഒരു അഭിമുഖവും നല്‍കിയിട്ടില്ല, കൂലി സിനിമയെക്കുറിച്ച് മോശമായി പറഞ്ഞിട്ടുമില്ല. രജനികാന്തിനോടും ലോകേഷിനോടും കൂലി ടീമിനോടും ഏറെ ബഹുമാനമാണ് അദ്ദേഹത്തിന്. ബോക്സ് ഓഫീസില്‍ 500 കോടിയിലേറെ നേടിയ ചിത്രവുമാണ് അത് എന്നതില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കാനാവും, ആമിര്‍ ഖാന്‍റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.