ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍ കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം. ഇപ്പോഴിതാ കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്‍റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരുക്കേറ്റിരുന്നു. മേശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിർമിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് സാരമായി തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.