ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞുവീണു. ഞായറാഴ്ച്ചയായിരുന്നു സംഭവം. വിശാല്‍ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കാുള്ള സൗന്ദര്യമല്‍സരം ‘മിസ് കൂവഗ'ത്തില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു വിശാല്‍. പരിപാടിക്കിടെ നിരവധിപേര്‍ അദ്ദേഹത്തെ കാണാനെത്തുന്നതും സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെയാണ് നടന്‍ കുഴഞ്ഞുവീണത്. പരിപാടിയുടെ സംഘാടകരും ആരാധകരും ചേര്‍ന്ന് താങ്ങിയെടുത്ത് പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചു. പരിപാടിക്കെത്തുംമുന്‍പ് വിശാല്‍ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജനുവരിയില്‍ വിശാലിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ‘മദ ഗജ രാജ’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ തീര്‍ത്തും അവശനായാണ് കാണപ്പെട്ടത്. നില്‍ക്കാന്‍ പരസഹായം വേണ്ടിവരുന്ന അവസ്ഥയിലായിരുന്നു അന്ന് വിശാല്‍. വിറയല്‍ കാരണം മൈക്ക് പിടിക്കാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയില്‍ വിശാലിനെ കണ്ട് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയും സോഷ്യല്‍മീഡിയയില്‍ കുറച്ചുദിവസത്തേക്ക് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിശാല്‍ തന്നെ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.