മലയാള സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഭൂരിഭാഗം ചിത്രങ്ങൾക്കും തിയറ്റർ വരുമാനം മാത്രമേയുള്ളുവെന്നും പല താരങ്ങളും പ്രതിഫലമായി വാങ്ങുന്ന തുക കേരളത്തിലെ തിയറ്ററുകളിൽനിന്ന് ഗ്രോസ് കലക്ഷനായിപോലും നിർമാതാവിന് ലഭിക്കുന്നില്ലെന്നും അസോസിയേഷൻ പറയുന്നു. നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ സംഘടനയ്ക്കുള്ളിൽതന്നെ വിമർശനമുയർന്ന സാഹചര്യത്തിൽ അംഗങ്ങൾക്കയച്ച കത്തിലാണ് വിശദീകരണം.
ഇതുവരെ മൂന്ന് പ്രാവശ്യമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മലയാള സിനിമയുടെ തിയറ്റർ വരുമാനം പുറത്ത് വിട്ടത്. അങ്ങനെ സിനിമയുടെ നഷ്ടക്കണക്ക് വിളിച്ച് പറഞ്ഞ് സ്വന്തം മുഖം മോശമാക്കരുതെന്ന വിമർശനം അസോസിയേഷനിൽ ഉയർന്നിരുന്നു. എന്നാൽ വഞ്ചിതരാകേണ്ടവരല്ല നിർമാതാക്കൾ എന്ന് വ്യക്തമാക്കിയാണ് സംഘടന അംഗങ്ങൾക്ക് നിലപാട് വിശദീകരിക്കുന്നത്. വളരെകുറച്ച് താരചിത്രങ്ങൾക്ക് മാത്രമെ ഔട്ട്‌സൈഡ് കേരള, ഔട്ട്സൈഡ് ഇൻഡ്യ, OTT, മറ്റ് ഡിജിറ്റൽ റൈറ്റ്സ് എന്നീ വരുമാനം ലഭിക്കുന്നുള്ളുവെന്നതാണ് സംഘടന പറയുന്ന പ്രധാനകാര്യം.അതായത് അമിതമായ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ പലരുടെയും ചിത്രങ്ങൾ നിർമാതാവിന് ഒരു മെച്ചവും നൽകാത്തവയാണെന്ന് ചുരുക്കം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തിയറ്റർ കലക്ഷൻ കണക്ക് പുറത്തുവിട്ടതെന്ന് അംഗങ്ങൾക്ക് അയച്ച കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരിച്ചു. എന്നും ചൂഷണങ്ങൾക്കും, വഞ്ചനകൾക്കും വിധേയരായി തുടരേണ്ടവരല്ല നിർമാതാക്കളെന്നും കത്ത് പറയുന്നു.