ഇന്ത്യ–പാക് സംഘര്‍ഷം തുടരുന്നതിനിടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകന്‍ മാപ്പുപറഞ്ഞു. പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഉത്തം മഹേശ്വരി പരസ്യമായി മാപ്പുപറഞ്ഞത്. പാക്കിസ്ഥാന്റെ പഹല്‍ഗാം ആക്രമണത്തിനു ഇന്ത്യ നല്‍കിയ തിരിച്ചടി ഓപ്പറേഷന്റെ പേരില്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. രാജ്യത്തിന്റെ രക്ഷയ്ക്കായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണെന്നായിരുന്നു മഹേശ്വരിക്കെതിരെ ഉയര്‍ന്നുകേട്ട വിമര്‍ശനം.
അതേസമയം താന്‍ സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ ആരെയെങ്കിലും വിഷമിപ്പിക്കാനോ ആയിരുന്നില്ലെന്നും രാജ്യത്തോടും സൈനികരോടുമുള്ള സ്നേഹവും ബഹുമാനവും അറിയിക്കാനായിരുന്നുവെന്നും മഹേശ്വരി പറയുന്നു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് മഹേശ്വരി പരസ്യമായി മാപ്പ് പറഞ്ഞത്.
ഒട്ടും ശരിയല്ലാത്ത സാഹചര്യത്തില്‍ ഉള്ള സിനിമാ പ്രഖ്യാപനത്തില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നുവെന്നും ആരുടെയെങ്കിലും മനസ് വേദനിച്ചെങ്കില്‍ ഇതൊരു മാപ്പപേക്ഷയായി കണക്കാക്കണമെന്നും മഹേശ്വരി പോസ്റ്റില്‍ കുറിച്ചു. നമ്മുടെ സൈന്യത്തിന്റെ ശക്തിയും, ബുദ്ധിയും ധൈര്യവും ആത്മസമര്‍പ്പണവും വെള്ളിത്തിരയിലെത്തിക്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും മഹേശ്വരി പറയുന്നു.
മാപ്പപേക്ഷയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ വ്യക്തമാക്കുന്നു. ഈ ധീരമായ നേതൃത്വത്തിന് നന്ദിയെന്നാണ് മഹേശ്വരി കുറിച്ചത്. നിക്കിവിക്കി ബഗ്നാനി ഫിലിംസും കണ്ടന്റ് എഞ്ചിനീയറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാസ്റ്റിങ്ങിന്റെ കാര്യങ്ങളിലൊന്നും തീരുമാനമായില്ലെന്നും സിനിമാഅധികൃതര്‍ പറയുന്നു.