ജയ്സാൽമീറില്‍ വെച്ച് ഷെല്ലാക്രമണം നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് നടി ഐശ്വര്യ രാജ്. സിനിമയുടെ ചിത്രീകരണത്തിനായി ബോര്‍ഡറിനടുത്ത് താമസിക്കവെയാണ് പാകിസ്ഥാന്‍റെ ആക്രമണം താരം കാണാന്‍ ഇടയായത്. ഒപ്പമുണ്ടായിരുന്ന 200 പേരും സുരക്ഷിതരാണെന്നും തങ്ങള്‍ ഇന്നുതന്നെ കൊച്ചിയിലേക്ക് മടങ്ങുമെന്നും ഐശ്വര്യ പറഞ്ഞു.
ശബ്ദം കേട്ടപ്പോള്‍ മോക്ഡ്രില്ലാണെന്നാണ് കരുതിയതെന്നും എന്നാല്‍ ഷെല്ലാക്രമണമാണെന്ന് പിന്നിടാണ് തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ സൈന്യം ഉള്ളതുകൊണ്ടാണ് ഇന്ന് ജീവനോടെയിരിക്കുന്നതെന്നും പോകാന്‍ മറ്റൊരിടമല്ലാത്ത അവിടുത്തുകാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ഐശ്വര്യയുടെ വാക്കുകള്‍
ഞാനിപ്പോള്‍ ജയ്സാൽമീറിലാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതാണ്. ബോര്‍ഡറിനടുത്ത് പത്ത് ദിവസത്തെ ഷൂട്ടിങ്ങായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അത് നിര്‍ത്തിവെക്കുകയാണ്. ഞങ്ങള്‍ ഇന്ന് തന്നെ കൊച്ചിയിലേക്ക് തിരിക്കും. 200 പേരടങ്ങുന്ന ഞങ്ങളുടെ ടീം ഇവിടെ തുടരുന്നത് സുരക്ഷിതമല്ല. ഇന്നലെ എല്ലാം സാധാരണഗതിയില്‍ ആയിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെ അടുത്ത ഢാബയില്‍ പോയപ്പോള്‍ പെട്ടന്ന് വലിയ ശബ്ദവും വെളിച്ചവുമൊക്കെ വന്നു. ഹോട്ടലിലെ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്തു. ആദ്യം കരുതിയത് മോക്ഡ്രില്ലാണെന്നാണ്. പിന്നെയാണ് മോക്ഡ്രില്ലല്ല ശരിക്കും യുദ്ധമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം തന്നെ ഇന്ത്യന്‍ ആര്‍മിയാണ്. എല്ലാവരെയും സുരക്ഷിതരാക്കി സേന ചെയ്യുന്നത് ഒരു വലിയ ജോലിയാണ്. ഇതെല്ലാം കണ്‍മുന്നില്‍ കാണുന്നത് അത്ര സുഖകരമായ ഒരു അനുഭവമല്ല.
ഇവിടെയുള്ള ആളുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ശരിക്കും സങ്കടം തോന്നുന്നുണ്ട്. കാരണം മറ്റൊരിടത്തേക്ക് പോകാന്‍ നമുക്കൊക്കെ അവസരവും സ്ഥലവുമുണ്ട്. എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് അതില്ല. ഇന്നലെ വരെ ഇവിടെയുള്ള നല്ല ആളുകളുമായി കളിച്ചും ചിരിച്ചും നിന്നു എന്നിട്ട് ഇന്ന് ഞാന്‍ ഇവിടെ നിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് പോകുകയാണ് പക്ഷേ അവര്‍ക്ക് അതിന് കഴിയുന്നില്ല. ഇവിടെയുള്ള നല്ല മനുഷ്യര്‍ക്ക് ഒരു ആപത്തും വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവരും നമ്മളെപ്പോലെ തന്നെ നിഷ്കളങ്കരായ മനുഷ്യരാണ്. അവരെല്ലാവരും സുരക്ഷിതരായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.