രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശമായ ജയ്സല്‍മീറില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം രൂക്ഷമായതോടെ മലയാളചിത്രമായ ഹാഫിന്‍റെ ചിത്രീകരണം നിര്‍ത്തേണ്ടി വന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കുടുങ്ങിയെന്ന വാര്‍ത്ത ഇതേ തുടര്‍ന്ന് പുറത്തുവന്നു. നടന്‍ മണിക്കുട്ടന്‍റെ പേരും അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടൻ ഞാനല്ല എന്ന പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. താനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ആണെന്നും മണിക്കുട്ടൻ വ്യക്തമാക്കി.

ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്, അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടൻ ഞാനല്ല

ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, മണിക്കുട്ടന്‍ ഇൻസ്റ്റാഗ്രാം പോസ്റ്റായി കുറിച്ചു.

രാജസ്ഥാനിലെ ജയ്‍സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങിയിരുന്നു. പാക്ക് ഷെല്ലാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു. 

ENGLISH SUMMARY:

Amid escalating shelling by Pakistan in Jaisalmer, Rajasthan, the Malayalam movie Half was forced to halt its shoot in the border area. Reports emerged that the film crew had been stranded, and actor Manikuttan's name was mentioned among them. However, the actor has now issued a clarification, stating that he is not the Manikuttan stuck at the border and that he is currently in New York.