സൂര്യ ചിത്രം റെട്രോയുടെ സെറ്റിൽ വച്ച് മകൾക്ക് പൊള്ളലേറ്റ വിവരം പങ്കുവച്ച് നടി അഞ്ജലി നായർ. അഞ്ജലിയുടെ മകൾ ആവണി ചിത്രത്തിൽ ബാലതാരമായി എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ കാശിയിൽ വച്ച് ചിത കത്തിക്കുന്ന സീനിൽ കാറ്റടിച്ച് മകളുടെ കയ്യിലേക്ക് തീ പടരുകയായിരുന്നുവെന്ന് അഞ്ജലി പറയുന്നു. ലൊക്കേഷനിൽ സൂര്യ ഉണ്ടായിരുന്നില്ലെങ്കിലും വിവരമറിഞ്ഞ് അദ്ദേഹം ഓടിയെത്തി മകളെ ആശ്വസിപ്പിച്ചു അണിയറപ്രവർത്തകർ ഡോക്ടറുടെ നിർദേശപ്രകാരം വേണ്ടതെല്ലാം ചെയ്‌തെന്നും ആ ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കിയാണ് മകൾ മടങ്ങിയതെന്നും അഞ്ജലി നായർ പറയുന്നു.
മകൾ നാട്ടിലെത്തിയപ്പോൾ നടൻ മമ്മൂട്ടി ഫോൺ ചെയ്ത് വിവരങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡോക്ടറെ കാണിക്കുകയും ചെയ്തു. കയ്യിൽ വലിയ പൊള്ളലേറ്റിട്ടും മകൾ അതെല്ലാം സഹിച്ച് ഷൂട്ടിങ് പൂർത്തിയാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അഞ്ജലി പറഞ്ഞു.
‘ചിത്രത്തില്‍ നായികയായ പൂജ ഹെഗ്ഡെയുടെ ബാല്യകാലം ആണ് ആവണി അഭിനയിച്ചത്. കയ്യ്, കണ്ണിന്റെ കുറച്ചു ഭാഗം പുരികം, ചെവി, മുടി ഒക്കെ പൊള്ളി. കയ്യ് ചിതയിലേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു അതുകൊണ്ട് ആ കയ്യിൽ ആണ് കൂടുതൽ പൊള്ളലേറ്റത്. ഭാഗ്യത്തിനാണ് വസ്ത്രത്തിലേക്കു തീ പടരാതിരുന്നത്. അവർ പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ച് ഫസ്റ്റ് എയിഡ് കൊടുത്തു. സൂര്യ ആ സീനിൽ ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം ഷൂട്ടിങ് സ്ഥലത്തേക്ക് ഓടിയെത്തി മകളെ ആശ്വസിപ്പിച്ചു. കുറച്ചു സമയം റെസ്റ്റ് എടുത്തതിനു ശേഷം വൈകുന്നേരം അവൾ വീണ്ടും ഷൂട്ടിങ്ങിന് എത്തി. അവളുടെ സീനുകൾ മുഴുവൻ ചെയ്തു തീർന്നതിനു ശേഷമാണ് മടങ്ങിയത്. പൊള്ളിയതിനു ശേഷവും അവൾ എങ്ങനെ വീണ്ടും അഭിനയിച്ചു എന്നത് എനിക്കിപ്പോഴും അദ്ഭുതമാണ് ’ അഞ്ജലി നായർ പറഞ്ഞു.