നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്.
കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിഹാസങ്ങളിൽ വിശ്വസിച്ചു വളർന്ന താൻ എന്നും സൂപ്പർ ഹീറോയുടെ ആരാധകനായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ ഈ ആവേശകരമായ വാർത്ത പങ്കുവച്ച് കുറിച്ചു. ഉണ്ണി മുകുന്ദൻ എന്ന കുട്ടി എന്നും സ്വപ്നം കണ്ടിരുന്നു എന്നും തന്റെ ഏറ്റവും പ്രിയങ്കരമായ സ്വപ്നത്തിന് രൂപം വയ്ക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഇപ്പോൾ പ്രീപ്രൊഡക്ഷനിൽ ഇരിക്കുന്ന ചിത്രം താൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രം പൂർത്തിയായതിനു ശേഷം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും എന്നും ഉണ്ണി വ്യക്തമാക്കി.
മെഗാ ബജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമായാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക.