പണി സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ 'പണി 2' പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്. ആദ്യഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ 'പണി 2' എത്തുമെന്ന് ജോജു പറഞ്ഞു. അതിനൊപ്പം, ആദ്യഭാഗത്തോട് രണ്ടാം ഭാഗത്തിന് നേരിട്ടൊരു ബന്ധമില്ലെന്നും കഥയും അഭിനേതാക്കളും എല്ലാം പുതിയതായിരിക്കുമെന്നും താരം വ്യക്തമാക്കി.
'പണി 2'ന്‍റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്, ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും, പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2, ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും ജോജു പറഞ്ഞു.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അതോടൊപ്പം തന്നെ ജോജു എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയിരുന്നു പണി. രണ്ടാം ഭാഗത്തിന്റ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്,
അതേ സമയം ‘പണി’ സിനിമയെ വിമർശിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പെഴുതിയ ഗവേഷകവിദ്യാർഥിയെ സംവിധായകനും നടനുമായ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കാര്യവട്ടം കാംപസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകവിദ്യാർഥി എച്ച്.എസ്. ആദർശാണ് ജോജു ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ് ഫോൺ സംഭാഷണം പുറത്തുവിട്ടത്.