listin-stephen-01
  • താൻ വിമർശനം ഉന്നയിച്ച നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
  • 'മറ്റുള്ളവർ നിവിന്റെ പേര് പറയുന്നതിന് എനിക്കൊന്നും ചെയ്യാനാകില്ല'
  • 'ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവർക്കും അറിയാം'

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മനോരമ ന്യൂസിനോട് ആണ് ലിസ്റ്റിന്‍റെ ആദ്യ പ്രതികരണം. താൻ വിമർശനം ഉന്നയിച്ച നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്‍റെ പേര് പറയുന്നതില്‍ തനിക്കൊന്നും  പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കും. നിർമാതാവിന് ഫാൻസില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു.

ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവർക്കും അറിയാം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്‍റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന  നിര്‍മാതാവ് സാന്ദ്ര തോമസിന്‍റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു.സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ലിസ്റ്റിനെതിരെ സാന്ദ്ര തോമസ്

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗം  ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും കൈപ്പിടിയിൽ ഒതുക്കണമെന്ന താൽപര്യമാണ് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു. ഇതിനിടെ ലിസ്റ്റിൻ ഉദ്ദേശിച്ചത് നടൻ നിവിൻ പോളിയെയാണെന്ന് നവമാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോൾ പരാതി നൽകിയാൽ പരിശോധിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്കുമാർ പ്രതികരിച്ചു.

ദിവസം രണ്ട് കഴിഞ്ഞിട്ടും ആ നടൻ ആരാണെന്ന് മാത്രം ലിസ്റ്റിൻ പറഞ്ഞിട്ടില്ല. നിവിൻ പോളിയാണ് ആ നടൻ എന്ന ചർച്ചയിൽ പ്രതികരിക്കാൻ നിവിനും തയാറായിട്ടില്ല. ഇവിടെയാണ് ലിസ്റ്റിന്റെ ലക്ഷ്യങ്ങളെ നിർമാതാവ് സാന്ദ്ര തോമസ് ചോദ്യം ചെയ്യുന്നത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് വൻതുക വാങ്ങി അവരുടെ ഏജന്റായി ലിസ്റ്റിൻ കൂടിയ പലിശയ്ക്ക് മലയാള സിനിമയിൽ പണം മുടക്കുന്നുവെന്നാണ് സാന്ദ്രയുടെ ആരോപണം. 

ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണ്. വട്ടിപലിശക്കാരന്റെ താൽപര്യം കാരണം ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാന്ദ്ര ഫെയ്സ്ബുക്കിൽ പറഞ്ഞു. ഇതിനിടെ വട്ടിപ്പലിശ ഏർപ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് സംവിധായകൻ വിനയനും പ്രതികരിച്ചു.

ENGLISH SUMMARY:

Producer Listin Stephen has come forward with his first clarification regarding the allegation that a leading Malayalam actor reignited a major conflict. Speaking to Norama News, Listin said that he never mentioned actor Nivin Pauly by name. Reacting to discussions centering around Nivin, Listin clarified that he has nothing to say about others bringing up the actor’s name. “If you mention an actor’s name, the fans will attack. I don’t have fans, I have panse (mocking fanatics),” he said with a hint of sarcasm.