മദ്യാസക്തിയെ മറികടന്നതിനെ പറ്റി തുറന്നുസംസാരിച്ച് നിര്‍മാതാവും ഹൃത്വിക് റോഷന്‍റെ സഹോദരിയുമായ സുനൈന റോഷന്‍. പുനരധിവാസകേന്ദ്രത്തിലെ അനുഭവങ്ങളെ 'കഠിനമായ' ഒരു യാത്രയെന്നാണ് സുനൈന വിശേഷിപ്പിച്ചത്. തന്നെ അലട്ടുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു മാർഗമായാണ് മദ്യത്തിലേക്ക് തിരിഞ്ഞത്.

മദ്യപിച്ചതിന് ശേഷം സ്വയം പരിക്കേല്‍പ്പിക്കും. കിടക്കകളിൽ നിന്നും കസേരകളിൽ നിന്നും വീഴും. മദ്യത്തിന്റെ പ്രഭാവം കുറയുമ്പോൾ ഉത്കണ്ഠയും നിർജ്ജലീകരണവും ഉണ്ടാവുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. അത് മറികടക്കാന്‍ കൂടുതൽ കുടിക്കും. ആ സമയത്ത് സുഖം തോന്നും, പക്ഷേ അനന്തരഫലങ്ങൾ ഭയാനകമായിരിക്കും. വിദേശത്തേക്ക് പുനരധിവാസത്തിനായി അയയ്ക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടത് താന്‍ തന്നെയാണ്. പകലും രാത്രിയിലും മദ്യപിക്കും. ആ സമയത്ത് എനിക്ക് എന്നെ തന്നെ ഇഷ്​ടമല്ലായിരുന്നുവെന്നും സുനൈന പറഞ്ഞു. 

'അവിടെ 6–7 കൗൺസിലർമാർ എന്നെ ഗ്രിൽ ചെയ്തെടുക്കുമായിരുന്നു. അവിടെയായിരുന്നപ്പോൾ 28 ദിവസം ഞാൻ ഉറങ്ങിയില്ല. അവർ ചോദ്യങ്ങൾ ചോദിക്കും, നിങ്ങളുടെ ശരീരത്തിൽ നിന്ന് എല്ലാം പുറത്തെടുക്കുകയും ചെയ്യും. പെർഫ്യൂം, കാപ്പി, പഞ്ചസാര, ചോക്ലേറ്റ് എന്നിങ്ങനെ ആസക്തി ഉളവാക്കുന്ന ഒന്നും അനുവദനീയമല്ലായിരുന്നു. അത് കഠിനമായിരുന്നു. മദ്യപിക്കാനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. വളരെ കഠിനമായിരുന്നു. പക്ഷേ അത് എന്നെ വളരെയധികം സഹായിച്ചു,' പുനരധിവാസ കേന്ദ്രത്തിലെ അനുഭവങ്ങള്‍ പറ്റി പിങ്ക്​വില്ലയോട് പങ്കുവക്കവേ സുനൈന പറഞ്ഞു. 

മദ്യപിക്കാനുള്ള തോന്നല്‍ ഇപ്പോൾ തനിക്കില്ലെന്നും, കുടുംബത്തോടൊപ്പം പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ചെറിയ അളവില്‍ മാത്രം കഴിക്കാറുണ്ടെന്നും സുനൈന പറഞ്ഞു.

ENGLISH SUMMARY:

Sunaina Roshan, film producer and sister of actor Hrithik Roshan, has opened up about overcoming alcoholism. She described her time at a rehabilitation center as a "tough journey." Sunaina revealed that she turned to alcohol as a way to cope with other troubling health issues she was facing.