തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്​ട്രികളിലാകെ സിനിമകള്‍ ചെയ്യുന്ന തിരക്കില്‍ ഇനി ദുല്‍ഖര്‍ സല്‍മാന്‍ എന്ന് മലയാളത്തിലേക്ക് തിരികെയെത്തും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. പല മലയാളം സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ ഇനി എന്നാണ് റിലീസ് ചെയ്യുന്നതെന്നാണ് ചോദ്യം. ആര്‍ഡിഎക്സിനുശേഷം നഹാസ് ഹിദായത്തിനൊപ്പം പ്രഖ്യാപിച്ച അയാം ഗെയിം വലിയ ആവേശമുണ്ടാക്കിയിരുന്നു. 

ഇതിനിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. ദുല്‍ഖര്‍ തന്നെയാണ് പൂജയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ എന്നിവരും പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജ ചിത്രങ്ങള്‍ക്ക് പിന്നാലെ തമിഴ് യുവതാരം കതിരിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്​തുകൊണ്ടുള്ള പോസ്​റ്ററും ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. 

മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം. ദുൽഖറിന്റെ കരിയറിലെ നാൽപതാം ചിത്രം കൂടിയാണ് അയാം ഗെയിം. 

ENGLISH SUMMARY:

After the success of RDX, the announcement of I Am Game, starring Dulquer Salmaan and directed by Nahas Hidayath, had created great excitement. Now, reports confirm that the film's shooting has begun, marked by a pooja ceremony held in Thiruvananthapuram.