Image Credit:X

സെക്സ് പൊസിഷനുകള്‍ അടങ്ങിയ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഈ സ്ട്രീമിങ് പ്ലാറ്റ്ഫോം എന്തുകൊണ്ട് കേന്ദ്രം നിരോധിച്ചില്ലെന്നാരാഞ്ഞ് ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പിന്നാലെ ഷോയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പ്രഖ്യാപിച്ചു.

മുൻ ബിഗ് ബോസ് മത്സരാർത്ഥി അജാസ് ഖാൻ അവതാരകനായ ഉല്ലു (ULLU) എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസിലെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. ക്ലിപ്പിൽ റിയാലിറ്റി ഷോയ്ക്കിടെ കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകളെ കുറിച്ച് അവതാരകന്‍ ഒരു മല്‍സരാര്‍ഥിയോട് ചോദിക്കുകയും മറ്റ് മത്സരാർത്ഥികളോട് ആ പൊസിഷനുകൾ അനുകരിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വിഡിയോ വൈറലായ വേഗത്തില്‍ത്തന്നെ വിമര്‍ശനങ്ങളും കടുത്തു. ആരാണ്, എങ്ങനെയാണ് ഇത്തരം ടിവി ഷോകൾക്ക് അംഗീകാരം ലഭിക്കുന്നതെന്നാണ് നെറ്റിസണ്‍സിന്‍റെ പ്രധാനചോദ്യം. 

ക്ലിപ്പ് പങ്കിട്ട ശിവസേന എംപി പ്രിയങ്ക ചതുർവേദി ഇത്തരം ആപ്പുകളിലെ അശ്ലീല ഉള്ളടക്കം സർക്കാരിനെ പലതവണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ച് 14 ന് അശ്ലീല ഉള്ളടക്കമടങ്ങിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇൻഫർമേഷൻ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാല്‍ ഈ ലിസ്റ്റില്‍ നിന്ന് ചില പ്ലാറ്റ്ഫോമുകള്‍ രക്ഷപ്പെട്ടതായി പ്രിയങ്ക എക്സില്‍ കുറിച്ചു. ഇക്കാര്യം പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രം നിരോധിച്ച 18 ആപ്പുകളുടെ പട്ടികയും അവര്‍ പങ്കുവച്ചു. 

അശ്ലീല ഉള്ളടക്കങ്ങളുടെ പ്ലാറ്റ്ഫോമുകളുടെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഏപ്രിൽ 28 ന് സുപ്രീംകോടതി കേന്ദ്രത്തിനും ഒടിടികള്‍ക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടിസ് അയച്ചിരുന്നു. വിഷയം ആശങ്ക നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ആൾട്ട് ബാലാജി, ഉല്ലു, എക്സ്, മെറ്റാ, ഗൂഗിൾ, മുബി, ആപ്പിൾ എന്നിവരോട് പ്രതികരണം തേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Following the viral spread of clips featuring sex positions, the reality show House Arrest, which streams on an OTT platform, has faced widespread criticism on social media. Shiv Sena MP Priyanka Chaturvedi raised concerns, questioning why the streaming platform was not banned by the government. In response, BJP MP Nishikant Dubey has assured that action will be taken against the show.