തമിഴ് സൂപ്പര്‍താരം അജിത്ത് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിയില്‍ നിന്നും പദ്മ ഭൂഷന്‍ ഏറ്റുവാങ്ങി ചെന്നൈയിലെത്തിയതിന് പിന്നാലെയാണ് താരം അപ്പോളോ ആശുപത്രിയില്‍ ചികില്‍സ തേടിയത്. കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം ചികില്‍സ തേടിയതെന്നും അതല്ല ഉദരാസ്വാസ്ഥ്യമാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിവ് വൈദ്യ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ അദ്ദേഹത്തിന്‍റെ ടീം സ്ഥിരീകരിച്ചിട്ടില്ല.
ആശങ്കപ്പെടേണ്ടതില്ലെന്നും അജിത് പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിസിയോ തെറപ്പിക്കായാണ് താരം ആശുപത്രിയില്‍ എത്തിയതെന്നും ഇന്ന് രാത്രിയോ നാളെയോ മടങ്ങാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
താരം ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ ഇടുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലിയാണ് താരത്തിന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. കാര്‍ റേസിങിലും അജിത്തിനുള്ള കമ്പം പ്രശസ്തമാണ്.