ചെന്നൈയിലെ പല്ലാവരത്ത് ആൺസുഹൃത്തിനെ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതികള്‍. തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാറാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പഴയ പല്ലാവരം നിവാസികളായ റീന (24), രത്ചിത (25) എന്നിവരേയും ഒരു പതിനേഴുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അലക്സ് എന്ന യുവാവിനും മറ്റ് രണ്ടുപേര്‍ക്കുമായി തിരച്ചിൽ പുരോഗമിക്കുകയാണ്.
കേസില്‍ അറസ്റ്റിലായ റീനയും, രത്ചിതയും സുഹൃത്തുക്കളാണ് . ഇവരില്‍ റീന വിവാഹിതയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്നും ഓൺലൈനിൽ ഒട്ടേറെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചുവെന്നും പൊലീസ് പറയുന്നു. ഇരുവരും സുഹൃത്തുക്കളായ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാടജീവിതം നയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സെല്‍വകുമാറിനെ റീന ഒരു സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് റീനയും രത്ചിതയും സെല്‍വകുമാറിന്‍റെ അടുത്ത സുഹൃത്തുക്കളായി മാറി. ബന്ധം വളര്‍ന്നതോടെ സെല്‍വകുമാര്‍ ഇരുവരുടെയും സ്വകാര്യ ജീവിതത്തിലും ഇടപെട്ട് തുടങ്ങി. മറ്റു സുഹൃത്തുക്കളുമായി ഇവര്‍ ബന്ധപ്പെടുന്നതിനെ ഇയാള്‍ എതിര്‍ത്തു. പിന്നീട് ഇയാള്‍ ഇരുവരെയും ഭീഷണിപ്പെടുത്തി തുടങ്ങി. ഇത് റീനയ്ക്കും രത്ചിതയ്ക്കും കടുത്ത മാനസിക സമ്മർദം സൃഷ്ടിച്ചു.
സെൽവകുമാർ ജീവിച്ചിരിക്കുന്നിടത്തോളം സ്വസ്തതയുണ്ടാകില്ലെന്ന് വിശ്വസിച്ച ഇരുവരും അയാളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളോടും ഇവര്‍ സഹായം അഭ്യർഥിച്ചു. തുടർന്ന് ഇവരെ സഹായിക്കാന്‍ നാലുപേര്‍ ഒപ്പം ചേര്‍ന്നു. ഇവര്‍ ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ റീന സെൽവകുമാറിനെ വിളിച്ച് പഴയ പല്ലാവരത്തിനടുത്തുള്ള സുബം നഗറിൽ കാണാൻ വരണമെന്ന് ആവശ്യപ്പെട്ടു. സെൽവകുമാർ തന്‍റെ ബൈക്കില്‍ സ്ഥലത്തെത്തിയപ്പോൾ മറ്റ് രണ്ട് ബൈക്കുകളിലായി നാല് പേർ ഇയാളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇവര്‍ ചേര്‍ന്ന് സെല്‍വകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കൊലപാതകം കവർച്ചാ ശ്രമമായി ചിത്രീകരിക്കാനായിരുന്നു ആദ്യം ഇരുവരുടേയും ശ്രമം. റീനയും രത്ചിതയും തന്നെയാണ് സംഭവം നടന്നതിന് തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്നവരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സെൽവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരിച്ചു. മോഷ്ടാക്കളാണ് ആക്രമിച്ചതെന്നായിരുന്നും റീനയുടേയും രത്ചിതയുടെയും മൊഴി. എന്നാല്‍ ഫോൺ റെക്കോഡുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരേയും കുടുക്കിയത്.
അറസ്റ്റ് ചെയ്ത യുവതികളെ ജുഡീഷ്യൽ റിമാൻഡിൽ വിടുകയും സഹായിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. കേസില്‍ അലക്സ് അടക്കം മൂന്നുപേര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.