ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാണ് ഛാവ. ഒട്ടുമിക്ക ബോളിവുഡ് ചിത്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ 800 കോടി നേടിയായിരുന്നു ബോക്സ് ഓഫീസില്‍ ഛാവയുടെ കുതിപ്പ്. ചിത്രത്തില്‍ സംഭാജി മഹാരാജായെത്തിയ വിക്കി കൗശലിന്‍റെ പ്രകടനത്തേയും പലരും പുകഴ്ത്തിയിരുന്നു. എന്നാല്‍ വിക്കിയെ കാണാനല്ല, കഥാപാത്രത്തെ കാണാനാണ് പ്രേക്ഷകര്‍ എത്തിയതെന്ന് പറയുകയാണ് അഭിനേതാവും സംവിധായകനുമായ മഹേഷ് മഞ്ച്രേക്കര്‍. വിക്കിയുടെ ഇതിനുമുന്നേ ഇറങ്ങിയ അഞ്ച് ചിത്രങ്ങളും വിജയിച്ചിട്ടില്ലെന്നും മഞ്ച്രേക്കര്‍ മിര്‍ച്ചി മറാത്തിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'വിക്കി കൗശല്‍ ഒരു മികച്ച നടനാണ്. അദ്ദേഹത്തിന്‍റെ സിനിമ ഛാവ 800 കോടി നേടി. എന്നാല്‍ തന്നെ കാണാനാണ് ആളുകള്‍ വന്നതെന്ന് ഒരിക്കലും വിക്കിക്ക് പറയാനാവില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മുമ്പുള്ള അഞ്ച് സിനിമകളും ആളുകള്‍ കാണാന്‍ വരണമായിരുന്നു. ആ കഥാപാത്രത്തെ കാണാനായാണ് ആളുകള്‍ വന്നത്. അദ്ദേഹത്തിന്‍റെ അതിനുമുമ്പുള്ള അഞ്ച് സിനിമകളും വിജയിച്ചിട്ടില്ലായിരുന്നു.
മഹാരാഷ്ട്രയാണ് ഹിന്ദി സിനിമയെ രക്ഷിച്ചത്. ഛാവ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ 80 ശതമാനം ക്രെഡിറ്റും മഹാരാഷ്ട്രയ്ക്കാണ്. സത്യത്തില്‍ 90 ശതമാനം ക്രെഡിറ്റ് പൂനെക്കും ബാക്കി മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങള്‍ക്കും പോകും,' മഞ്ച്രേക്കര്‍ പറഞ്ഞു.