Image Credit : Facebook
തെന്നിന്ത്യന്‍ സിനിമയില്‍ നിറയെ ആരാധകരുളള താരമാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയത്. അര്‍ജുന്‍ റെഡ്ഡിയുടെ വമ്പന്‍ വിജയത്തിന് ശേഷം കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും സ്ക്രിപ്റ്റ് തിരഞ്ഞെടുപ്പില്‍ താരത്തിന് പാളി. പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പലതും പരാജയമാറി മാറി. പിന്നീട് താരത്തിന് കയ്യടി ലഭിച്ച ചിത്രമായിരുന്നു കല്‍ക്കി 2898 എഡി. ചിത്രത്തില്‍ അര്‍ജുനനായാണ് വിജയ് എത്തിയത്. ഇപ്പോഴിതാ വീണ്ടും സൈബറിടത്ത് ശ്രദ്ധനേടുകയാണ് വിജയ് ദേവരകൊണ്ട. കഴിഞ്ഞ ദിവസം സൂര്യ നായകനായ റെട്രോയുടെ പ്രീ റിലീസ് പരിപാടിക്കിടെ വിജയ് പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് വൈറലായത്.
ഒരു ടൈം ട്രാവല്‍ മെഷീന്‍ ലഭിച്ചാല്‍ എന്തുചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തിന് വിജയ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയായത്. ടൈം ട്രാവല്‍ മെഷീന്‍ ലഭിച്ചാല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പുളള കാലത്തേയ്ക്ക് പോകുമെന്നായിരുന്നു വിജയ്യുടെ മറുപടി. 'ഛാവ സിനിമ താന്‍ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ ബ്രിട്ടീഷുകാരോടും ഔറംഗസേബിനോടും നല്ല ദേഷ്യം തോന്നി. അവര്‍ കാണിച്ച ക്രൂരതയ്ക്ക് മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ട്. ആ കാലത്തിലേക്ക് തിരിച്ചുപോയി ബ്രിട്ടീഷുകാര്‍ക്കും ഔറംഗസേബിനും നല്ല നാല് അടികൊടുക്കുമെന്നും' വിജയ് പറഞ്ഞു. വിജയ്യുടെ ഈ മറുപടിയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് സൈബറിടത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മറാത്ത രാജാവായ സംഭാജി മഹാരാജാവിന്‍റെ കഥ പറഞ്ഞ ഛാവ സംവിധാനം ചെയ്തത് ലക്ഷ്മണ്‍ ഉടേക്കറാണ്. ചിത്രത്തിന്‍റെ അവസാന 20 മിനിറ്റില്‍ സംഭാജിയോട് ഔറംഗസേബ് കാണിച്ച ക്രൂരതയാണ് തുറന്നുകാട്ടുന്നത്. 500കോടിയിലധികം കലക്ഷന്‍ നേടിയ ചിത്രത്തില്‍ നായകനായെത്തിയത് വിക്കി കൗശലാണ്.