മോഹന്‍ലാല്‍-ശോഭന, വിന്റേജ് കൂട്ടുകെട്ടില്‍ തരുണ്‍ മൂര്‍ത്തിയുടെ ട്രീറ്റ് പ്രതീക്ഷിച്ച് തീയറ്ററിലെത്തിവര്‍ക്ക് ലഭിച്ച സര്‍പ്രൈസ് എന്‍ട്രിയാണ് പ്രകാശ് വര്‍മയും ജോര്‍ജ് സാറും. കണ്ണില്‍ പകയുടെ തീക്കനല്‍  കത്തുമ്പോഴും വെളുക്കെ ചിരിച്ച് ഒറ്റയാനെ വീഴ്ത്താന്‍ വാരിക്കുഴി തീര്‍ത്ത,  ജോ‍ര്‍ജ് സാറിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും പിന്നില്‍ പുതുമുഖമല്ലെന്ന് മാത്രമല്ല പുലിയുമായ പ്രകാശ് വര്‍മയെ എങ്ങനെ 'തുടരും' എന്ന ചിത്രത്തിലെത്തിച്ചു എന്നറിയണ്ടേ?  ആ കഥ ഇങ്ങനെയാണ്.

ശബ്ദവും രൂപവും പ്രധാനം;  കണ്ടിട്ടുള്ളവരെ വേണ്ട

ജോര്‍ജ് സാറിന്റെ ശബ്ദവും രൂപവും പ്രധാനമാണ് കണ്ടാല്‍ തന്നെ ഒരു ഗാഭീര്യം തോന്നണം പക്ഷേ കണ്ടു മറന്ന, കണ്ടു ശീലിച്ച മുഖം ആവരുത് താനും. ജോര്‍ജ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള സംവിധായകന്റെ സങ്കല്‍പ്പം തന്നെ ഇതായിരുന്നു പല നടന്‍മാരെ നോക്കി, മലയാളത്തിലും അന്യഭാഷകളിലും വരെ ഓഡിഷനും നടത്തി. തൃപ്തി തോന്നുന്ന ഒരാളെ പോലും കണ്ടെത്താനായില്ല. തിരക്കഥാകൃത്ത് കൂടിയായ കെ ആര്‍ സുനിലാണ് സുഹൃത്ത് വലയത്തിലുള്ള പ്രകാശിനെ കുറിച്ച് തരുണ്‍ മൂര്‍ത്തിയോട് ആദ്യം പറയുന്നത്.  ഏറെ തിരക്കുള്ള പരസ്യച്ചിത്ര സംവിധായകനെ സിനിമയില്‍ വില്ലനായി ലഭിക്കുക അത്ര എളുപ്പമല്ലെന്ന് അറിയാമെങ്കിലും പോയി കാണാന്‍ തന്നെ തീരുമാനിച്ചു. ബോംബെയില്‍ പോയി കണ്ടു. കണ്ടത് 'പ്രകാശ് വര്‍മ'യെ ആയിരുന്നില്ല 'ജോര്‍ജ് സാറി'നെ തന്നെയായിരുന്നു. കഥയും കഥാപാത്രവും പ്രകാശിന്  ഇഷ്ടപ്പെട്ടു. എന്നാല്‍ അതിനേക്കാളേറെ കടുത്ത മോഹന്‍ലാല്‍ ആരാധകനായ പ്രകാശിനെ ആകര്‍ഷിച്ചത് മോഹന്‍ലാലിനൊപ്പം ചിലവഴിക്കാന്‍ ലഭിക്കുന്ന സമയവും അടുത്തിടപഴകാന്‍ കിട്ടുന്ന അവസരവുമായിരുന്നു. പക്ഷേ അപ്പോഴും യെസ് പറയാന്‍ ഒരു സംശയം ബാക്കി ഇത്രയും ഗ്രാവിറ്റിയുള്ള കഥാപാത്രം താന്‍ അവതരിപ്പിച്ചാല്‍ ശരിയാകുമോ? കണ്ട മാത്രയില്‍ ജോര്‍ജിനെ മനസുകൊണ്ട് ഫിക്സ് ചെയ്ത സംവിധായകന്റെ മനസില്‍  അതിനും പോംവഴിയുണ്ടായിരുന്നു

ഉള്ളുനിറയെ വിഷം നിറച്ച പാമ്പു പോലൊരു മനുഷ്യന്‍

പ്രകാശിന് ആത്മവിശ്വാസം നല്‍കാന്‍ സംവിധായകന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഓഡിഷന്‍. ഒന്നു രണ്ടു സീന്‍ ചെയ്യിപ്പിച്ചു നോക്കി. ജോര്‍ജ് കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന സീന്‍ വീണ്ടും വീണ്ടും ചെയ്യിപ്പിച്ചു.സ്റ്റേഷനില്‍ മോഹന്‍ലാലിന്റെ ചെവിക്ക് പിടിക്കുന്ന സീനും ഷണ്‍മുഖത്തിന്റെ വീട്ടില്‍ വരുന്ന സീനും ഓഡിഷനില്‍ തന്നെ ഒറ്റടേക്കില്‍ ഓക്കെയാക്കി, മെല്ലെ പ്രകാശ്  ജോര്‍ജായി പരുവപ്പെട്ടു. തുടങ്ങി. എടുപ്പിലും നടപ്പിലും മാനറിസത്തിലും വരെ ക്ലിയര്‍ കട്ട് വില്ലനായി മാറുന്ന ജോര്‍ജിനെയാണ് പിന്നെ സംവിധായകന്‍ കണ്ടത്. ഈ ഘട്ടത്തില്‍ പ്രകാശിനുണ്ടായ ആത്മവിശ്വാസം കൂടി കൂടിച്ചേര്‍ന്നപ്പോഴാണ് ഇപ്പോള്‍ സ്ക്രീനില്‍ കാണുന്ന ജോര്‍ജ് സാര്‍ പൂര്‍ണതയിലേക്ക് വന്നത്.  പക്ഷേ അതിനും മുന്‍പ് ഒറ്റവാക്കില്‍ ആരാണ് ജോര്‍ജ് എന്നുള്ള ചോദ്യത്തിന് സംവിധായകനൊരു നിര്‍വചനമുണ്ടായിരുന്നു. മാന്യനെന്ന് തോന്നിപ്പിക്കുന്ന എന്നാല്‍  ഉള്ളുനിറയെ വിഷം നിറച്ച പാമ്പു പോലൊരു മനുഷ്യന്‍ ,ഇതുമാത്രം മതിയായിരുന്നു ജോര്‍ജ് ആരെന്ന് മനസിലാക്കാന്‍ അത് ആദ്യം ഏറ്റവും നന്നായി മനസിലായതും പ്രകാശിനാണ്. പുതുമുഖ താരത്തിന്റെ യാതൊരു സംഭ്രമവുമില്ലാതെ സാക്ഷാല്‍ മോഹന്‍ലാലിനെ പോലും വിറപ്പിച്ച ജോര്‍ജിലേക്കുള്ള പരകായ പ്രവേശം സത്യത്തില്‍ അവിടെ നിന്നാണ്. ഫൈറ്റ് സീനിലേക്ക് വന്നപ്പോഴും ആ മാജിക് തുടര്‍ന്നു. അസാമാന്യ മെയ് വഴക്കത്തില്‍ ഇരുത്തം വന്ന ഫൈറ്ററെ പോലെ സ്ക്രീന്‍ നിറഞ്ഞാടുന്ന വില്ലന്‍. യഥാര്‍ത്ഥത്തില്‍ സിനിമയുടെ സെക്കന്‍ഡ് ഹാഫ് എന്‍ഗേജിങ്ങും ത്രില്ലിങ്ങും ആക്കിയത് ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് കൂടിയാണ്.

പ്രകാശ് വര്‍മ ഈസ് ദ റിയല്‍ ഫാന്‍ ബോയ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ മോഹവുമായി ചാന്‍സ് തേടി അലയുന്ന നൂറു നൂറു സിനിമാപ്രേമികളില്‍ ഒരാള്‍ മാത്രമായിരുന്നു  പ്രകാശ് വര്‍മ. ഇടയിലെപ്പോഴോ വിജി തമ്പിയുടെ സഹായിയായി കുറച്ചുകാലം. ലോഹിതദാസിനൊപ്പം പ്രവര്‍ത്തിക്കുക എന്നതായിരുന്നു സ്വപ്നം. ഇതിനിടയിലാണ് പരസ്യസംവിധാനരംഗത്തേക്ക് എത്തുന്നത്. സിനിമയിലേക്കുളള ചവിട്ടുപടിയായി കണ്ട പരസ്യരംഗം പക്ഷേ പ്രകാശിനായി കാത്തുവച്ചത് വലിയൊരു ലോകമായിരുന്നു. വോഡഫോണിന്റെ സൂസൂ പരസ്യം ഓര്‍മയുണ്ടോ , ഹച്ചിലെ നായ് കുട്ടിയെ ആരും മറന്ന് കാണാനിടയില്ലല്ലോ. നെറ്റ്ഫ്ലിക്സ്,  ആമസോണ്‍, ഐ ഫോണ്‍ തുടങ്ങി മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെ പരസ്യം ചെയ്യുന്ന  നിര്‍വാണ എന്ന പരസ്യനിര്‍മാണ കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ് ഇന്ന് പ്രകാശ് വര്‍മ. 

അതായത് പ്രകാശിനെ തേടി ഒട്ടും പ്രതീക്ഷിക്കാതെ ഈ അവസരം എത്തുമ്പോള്‍ ഇന്ത്യയിലെ തന്നെ മുന്‍നിര പരസ്യസംവിധായകരിലൊരാളായി തിരക്കിലായിരുന്നു പ്രകാശ് വര്‍മ. അഭിനയം പാഷനാണെങ്കിലും നിലവില്‍ സിനിമ എന്ന പ്ലാന്‍ മനസിലെങ്ങുമില്ലാതിരുന്നിട്ടും തുടരുമെന്ന ചിത്രത്തിലേക്ക് പ്രകാശ് വര്‍മയെ എത്തിച്ചത് ഒറ്റ ഘടകമാണ്, മോഹന്‍ലാല്‍ എന്ന പകരംവയ്ക്കാനാകാത്ത വികാരം.

പല പരസ്യചിത്രങ്ങളും വേണ്ടെന്ന് വച്ചിട്ട് കൂടിയാണ് പ്രകാശ് മോഹന്‍ലാലിന് വേണ്ടി, തുടരുമെന്ന ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തിയത്. ചുരുക്കി പറ‍ഞ്ഞാല്‍ തരുണ്‍ ഈസ് ദ റിയല്‍ ഫാന്‍ ബോയ് എന്ന പ്രേക്ഷക പ്രസ്താവനയില്‍ ചെറിയൊരു തിരുത്തുണ്ട്. പ്രകാശ് വര്‍മ ഈസ് ദ റിയല്‍ ഫാന്‍ ബോയ്. തുടരും എന്ന ചിത്രം  പ്രകാശിന്റെ മോഹന്‍ലാല്‍ ട്രിബ്യൂട്ടും കൂടിയാണ്. മലയാളത്തിന് ലഭിച്ച മാസ് വില്ലനെ ചിത്രീകരണത്തിലിരിക്കുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകര്‍ ഇതിനോടകം സമീപിച്ചെങ്കിലും ബിഗ് നോ ആണ് അവര്‍ക്ക് ലഭിച്ച ഉത്തരം. പരസ്യചിത്രങ്ങളുടെ തിരക്കില്‍ നിന്ന് നിലവില്‍ മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ആ നോയ്ക്കുള്ള പ്രകാശിന്റെ വിശദീകരണം. അതായത് പ്രകാശിനെ ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ കാണണമെങ്കില്‍ പ്രേക്ഷകര്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. ഒരുപക്ഷേ ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ സാധ്യത വളരെ വിരളമാണെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തുറന്നു പറയുന്നു.

ENGLISH SUMMARY:

In the much-awaited vintage reunion of Mohanlal and Shobana in Tarun Moorthy's Thudaram, audiences were treated to an unexpected surprise with the characters Prakash Varma and George Sir. Despite the fire of vengeance blazing in his eyes, George Sir, with his calm smile, laid a perfect trap to defeat the lone warrior. Though new in front of the camera, Prakash Varma is no stranger to the craft, and there's an interesting backstory about how he came into Thudaram