തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം 'തുടരും' തിയറ്ററില്‍ നിറഞ്ഞാടുകയാണ്. ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, പ്രേക്ഷകരുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
'തുടരും' ചിത്രത്തിന് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു, സിനിമയെ സ്നേഹിച്ചതിനും ചേര്‍ത്തു നിര്‍ത്തിയതിനും നന്ദിയെന്നും താരം കുറിച്ചു. നന്ദി തന്‍റേത് മാത്രമല്ലെന്നും പകരം തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ തനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ, 'തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിന്‍റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.
ഈ നന്ദി എന്‍റേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം.
ഹൃദയപൂര്‍വ്വം എന്‍റെ നന്ദി.'
ഓരോ മണിക്കൂറിലും ടിക്കറ്റ് വില്പനയിൽ ചിത്രത്തിന് വന്‍ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ ദിനം തുടരുമിന് അഞ്ച് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും.