jyotika-fitness

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി ജ്യോതിക. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം വെറും 3 മാസത്തിനുളളില്‍ കുറച്ചത് 9 കിലോയാണ്. ജ്യോതിക തന്നെയാണ് ഈക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവച്ചത്. 

ചെന്നൈ അസ്ഥാനമായുള്ള ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിന്‍റെ പരിശീലകനും ടീമിനുമൊപ്പമുള്ള ചിത്രങ്ങളും ജ്യോതിക  പങ്കുവച്ചു.   'വെറും 3 മാസത്തിനുള്ളിൽ 9 കിലോ ഭാരം കുറച്ചതിന് അമുറയ്ക്ക് നന്ദി! എന്റെ ഉള്ളിലെ സ്വഭാവം വീണ്ടും കണ്ടെത്താൻ എന്നെ പ്രേരിപ്പിച്ചതിന്!

നിങ്ങളെല്ലാം വെറും മാന്ത്രികരാണ്' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. തനിക്ക് ഇത്തരമൊരു മാറ്റം വരുത്താന്‍ സഹായിച്ച ഫിറ്റ്നസ് വിദഗ്ധരെയും അവരെ തനിക്ക് പരിചയപ്പെടുത്തിയ വിദ്യ ബാലന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. 

ശരീരഭാരം കുറയ്ക്കല്‍ എനിക്ക് എപ്പോഴും ഒരു പോരാട്ടമായിരുന്നു. എത്രയൊക്കെ വ്യായാമങ്ങള്‍ ചെയ്തിട്ടും, കൃത്യമായ ഭക്ഷണക്രമം പാലിച്ചിട്ടും ഇടവിട്ട ദിവസങ്ങളില്‍ ഉപവാസമെടുത്തിട്ടുപോലും ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഒടുവില്‍ 'അമുറ'യുടെ അടുത്ത് എത്തിയശേഷം എനിക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചു. ഭക്ഷണം എങ്ങനെ ബാലന്‍സ് ചെയ്യണമെന്ന് ഞാന്‍ പഠിച്ചു. എന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ അവ ചെലുത്തുന്ന സ്വാധീനം എനിക്ക് മനസിലാക്കി. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് വളരെയധികം ഊര്‍ജസ്വലതയും ആത്മവിശ്വാസവും തോന്നുന്നുവെന്നും ജ്യോതിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചതിന് എന്‍റെ പരിശീലകന്‍ മഹേഷിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നമ്മളെ സ്വയം സ്നേഹിക്കുക, സമ്മര്‍ദം കുറയ്ക്കുക എന്നിവയായിരിക്കണം പ്രധാന ലക്ഷ്യമെന്നും ശരീരഭാരം കുറയ്ക്കുന്നത് യാന്ത്രികമായി തന്നെ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായെത്തുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാണ്.