TOPICS COVERED

ശാന്തിയും സമാധാനവും നിറയുന്ന ഇടയന്‍മാരുടെ താഴ്‌വരയാണ് പഹല്‍ഗാം. എന്നല്‍ ഇവിടെയുണ്ടായ ഭീകരാക്രമണം മുറിവേല്‍പ്പിച്ചത് ഒരുപക്ഷേ ഇന്ത്യയുടെ ആത്മാവിനെയാവും. കാരണം മറ്റൊന്നുമല്ല, ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് പഹല്‍ഗാം ആണെന്നാവും വിനോദസഞ്ചാരികള്‍ പറയുക. ഹിമാലയത്തിന്‍റെ താഴെ വേനല്‍ക്കാലത്തുപോലും മഞ്ഞ് നിറയുന്ന താഴ്‌വര.

നോക്കൊത്താദൂരത്തോളം  പൈന്‍ മരങ്ങളാല്‍ നിറഞ്ഞ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന പുല്‍മേട്. കശ്മീരിലെ മറ്റുസ്ഥലങ്ങളില്‍ നിന്ന് പഹല്‍ഗാം  വ്യത്യസ്തമാകുന്നതും അതിമനോഹരമാകുന്നതും ഇങ്ങനെയാണ്. 

സമുദ്രനിരപ്പില്‍ നിന്ന് 7200 അടി ഉയരത്തിലുള്ള ഈ പ്രദേശത്തേക്ക്  വേനല്‍ക്കാലമായാല്‍ സഞ്ചാരികള്‍ ഒഴുകിയെത്തും.  മിനി സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന പഹല്‍ഗാം വിനോദസഞ്ചാരികളുടേതെന്നപ്പോലെ സിനിമാക്കാരുടെയും ഇഷ്ട ലൊക്കേഷനാണ്. ബോളിവുഡിലെയടക്കം ഒട്ടേറെ സിനിമകളാണ്  ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.

ബജ്രംഗി ഭായിജാന്‍ (2015)

സല്‍മാന്‍ ഖാന്‍,  കരീന കപൂര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയിലെ പല ഭാഗങ്ങളും കശ്മീരിലും പരിസരങ്ങളിലുമാണ് ചിത്രീകരിച്ചത്. സിനിമയിലെ പല വൈകാരിക രംഗങ്ങള്‍ക്കും ലോക്കേഷനായത് പഹല്‍ഗാമിലെ ബേതാബ് താഴ്‌വരയാണ്. 1983- ല്‍ പുറത്തിറങ്ങിയ ബേതാബ് സിനിമ ചിത്രീകരിച്ചതിനുശേഷമാണ്  താഴ്‌വരയ്ക്ക് ബേതാബ്  എന്ന പേരുവന്നത്.

യേ ജവാനി ഹേ ദീവാനി (2013)

പ്രണയും കോമഡിയും നിറഞ്ഞ യേ ജവാനി ഹേ ദീവാനി സിനിമ ദീപിക പദുക്കോണിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പഹല്‍ഗാം, ഗുല്‍മര്‍ഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് പല രംഗങ്ങളും ചിത്രീകരിച്ചത്.

ജബ് തക് ഹേ ജാന്‍ (2012)

യഷ് ചോപ്ര സംവിധാനം ചെയ്ത ഈ പ്രണയചിത്രത്തിലും പഹല്‍ഗാമിന്‍റെ സൗന്ദര്യം നിറയുന്നുണ്ട്. ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

ഹൈദര്‍ (2014)

അശാന്തി നിറഞ്ഞ കശ്മീരിന്‍റെ കഥ പറയുന്ന ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് പഹല്‍ഗാമിലാണ്. നടനായ ഷാഹിദ് കപൂറിന്‍റെ കരിയറിലെ മികച്ച ചിത്രമാണിത് .  ഷാഹിദിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമെന്ന വിശേഷണവും ഹൈദറിനുണ്ട്.

ഖുഷി

വിജയ് ദേവരെക്കൊണ്ടയും സമാന്തയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രം ഖുഷിയിലെയും പലരംഗങ്ങളും പഹല്‍ഗാമിലാണ് ചിത്രീകരിച്ചത്. ഷൂട്ടിങ് സമയത്ത് വിജയ് ദേവരെക്കൊണ്ടയുടെ ജന്മദിനാഘോഷവും പഹല്‍ഗാമില്‍ നടത്തിയിരുന്നു. 

ഹൈവേ (2014)

റോഡ് ട്രിപ്പ് ചിത്രമായ ഹൈവേയുടെ ഭൂരിഭാഗം ചിത്രീകരിച്ചതും പഹല്‍ഗാമിലാണ്. ചിത്രത്തിലെ പല വൈകാരിക രംഗങ്ങളിലും പഹല്‍ഗാമിന്‍റെ മനോഹാരിത നിറയുന്നുണ്ട്. ആലിയ ഭട്ടും ഇംതിയാസ് അലിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

​റാസി (2018)

ആലിയ ഭട്ട് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മേഘ്ന ഗുല്‍സാര്‍ ആണ്. ഇന്ത്യന്‍ ഏജന്‍റായി പാക്കിസ്ഥാനിലെത്തുന്ന യുവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് പഹല്‍ഗാമും പരിസരപ്രദേശങ്ങളും തന്നെ. യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ചിത്രം.

ENGLISH SUMMARY:

Pahalgam, the valley of shepherds, is a place filled with peace and tranquility. But the recent terror attack there has wounded perhaps the very soul of India. Why does it hurt so deeply? Because if there is a heaven on Earth, many travelers would say—it’s Pahalgam. A valley nestled under the Himalayas, where even in summer, snow continues to blanket the land