ഒരുകാലത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോയായിരുന്ന ജയന്റെ ശരപഞ്ജരം എന്ന ചിത്രം ഇന്ന് വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. നാലര പതിറ്റാണ്ടിനുശേഷം ഡിജിറ്റല്‍ സാങ്കേതിക മികവോടെയുള്ള റീമാസ്റ്റേര്‍ഡ് പതിപ്പാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് .
നിറഞ്ഞ കയ്യടി നൽകി ഒരു കാലം വരവേറ്റ ചിത്രം. ഡയലോഗുകൾ കടംകൊണ്ട് ജയനെ വികാരമായി കണ്ട ആ കാലം കടന്ന് ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. പുതുമയുള്ള പ്രമേയവും ശക്തമായ കഥാപാത്രങ്ങളും ഉൾപ്പെടെ പഴയകാലത്തെ മാസ് മസാലയായിരുന്നു ശരപഞ്ജരം. ചന്ദ്രശേഖരനായി ജയനും സൗദാമിനി ഷീലയും എത്തിയ ചിത്രത്തിന്റെ കഥ മലയാറ്റൂരിന്റേതാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഹരിഹരൻ. നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് സംഭാഷണം ഒരുക്കി
79-ല്‍ റെക്കോർഡ് കലഷന്‍ നേടിയ ചിത്രത്തിലെ യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് ദേവരാജനാണ്. സത്താര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കര്‍, നെല്ലിക്കോട് ഭാസ്‌ക്കരൻ തുടങ്ങി ഒട്ടേറെ പേർ അഭിനയിച്ച ചിത്രം കാലം കടന്നെത്തുന്നത് പുതുതലമുറ പ്രേക്ഷകരെ തേടിയാണ്.