മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ സിനിമയെ പരിഹസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാം. ‘എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു’ എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെ വലിയ രീതിയിൽ വിമർശനവുമുണ്ടായി. വിമർശനം കടുത്തതോടെ ശ്രീറാം ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
മോഹൻലാൽ ചിത്രമായ ‘കൂടും തേടി’യാണ് പി.സി. ശ്രീറാം മലയാളത്തിൽ ക്യാമറ ചലിപ്പിച്ച ആദ്യ സിനിമ. മൗനരാഗം, ഗീതാഞ്ജലി, നായകൻ, അമരൻ, തേവർമകൻ, അലൈപായുതേ, ഖുഷി, ധാം ധൂം, ഓകെ കൺമണി, ഷമിതാഭ്, പാഡ്മാൻ എന്നിവയാണ് ശ്രീറാമിന്റെ പ്രധാന സിനിമകൾ. അതേസമയം ‘എമ്പുരാൻ’ ഒടിടി റിലീസിൽ വ്യാപക വിമർശനവും ട്രോളുകളുമാണ് ചിത്രത്തിനെതിരെ വരുന്നത്.
അതേ സമയം 325 കോടിയാണ് എമ്പുരാൻ നേടിയിരിക്കുന്നത്. തിയറ്റർ കളക്ഷനും ബിസിനസും കൂടിച്ചേർത്താണ് ഈ കളക്ഷൻ ചിത്രം നേടിയത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് ചിത്രം നിർമിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.