മോഹന്‍ലാലിന്റെ കാരവന്‍
സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ കരിയറിലെ മറക്കാനാകാത്ത ആ ചിത്രത്തിന് ജീവിതത്തിലുള്ള സ്ഥാനം കൂടി ഊട്ടിഉറപ്പിക്കുകയാണ് ലാലേട്ടന്‍.
31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് കെഎല്‍ 07 ഡിജെ 2255 എന്ന നമ്പര്‍ മോഹന്‍ലാല്‍ ലേലത്തില്‍ പിടിച്ചത്. ഇന്നലെ രാവിലെ എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ മറ്റു രണ്ടുപേര്‍ കൂടി പങ്കെടുത്തിരുന്നു.
മറ്റുള്ളവര്‍ 1,46,000 രൂപ വരെ ലേലം വിളിച്ചെങ്കിലും മോഹന്‍ലാല്‍ ഈ സ്വപ്നനമ്പറിനായി നിലയുറപ്പിക്കുകയായിരുന്നു. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 1.45 ലക്ഷത്തില്‍ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികള്‍ പിന്‍മാറി. 5000 രൂപ ഫീസ് അടച്ചാണ് താരം നമ്പര്‍ ബുക്ക് ചെയ്തത്. രണ്ടുപേര്‍ കൂടി സമാനാവശ്യവുമായി എത്തിയതോടെയാണ് ലേലത്തിലേക്ക് കടന്നത്.
കഴിഞ്ഞ വര്‍ഷം കെഎല്‍ 07 ഡിഎച്ച് 2255 എന്ന നമ്പര്‍ ലാലിന്റെ സന്തതസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയിരുന്നു.