Image: Manorama
പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം.
എന്നാൽ, വായ്പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാൻ എത്തിയപ്പോൾ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ വാദം. മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് കുടുംബം വായ്പ എടുത്തതെന്നും എന്നാല്‍ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതി.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസിഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ കേസ് റദ്ദാക്കിയത്. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കിൽ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതിൽ ഹർജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നേരത്തെ മോഹൻലാലിനെ ഈ കേസില്‍ നിന്ന് ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.