'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത് ചിത്രത്തോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ താരത്തിന്‍റെ ഡാന്‍സ് തമിഴകത്ത് തരംഗമായിരിക്കുകയാണ്. 'തൊട്ട് തൊട്ട് പേസും സുല്‍ത്താന' എന്ന സിമ്രാന്‍റെ പഴയ പാട്ട് 'ഗുഡ് ബാഡ് അഗ്ലി'യില്‍ വീണ്ടും റീക്രിയേറ്റ് ചെയ്തിരുന്നു. പാട്ടില്‍ സിമ്രാന്‍റെ അതേ തരത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് പഴയ ചുവടുകള്‍ ആടിയ പ്രിയ വാര്യറുടെ രംഗങ്ങള്‍ വൈറലായിരുന്നു.
ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് വിജയ് തന്നെ രംഗത്തെത്തിയ വിഡിയോ വൈറലാവുകയാണ്. ഒരു ചടങ്ങിനിടയിലായിരുന്നു സംഭവം. വിഡിയോയില്‍ എത്തിയ വിജയ് പ്രിയയുടെ ഡാന്‍സിനെ അനുമോദിച്ച് സംസാരിക്കുന്നത് കാണാം. സിമ്രാന്‍റെ മറ്റൊരു ഡാന്‍സിന് കൂടി ചുവട് വക്കണമെന്നും വിജയ് വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് കണ്ട് വിശ്വാസം വരാതെ ഒന്നുകൂടി പ്ലേ ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടു. ഇതിനനുസരിച്ച് വീണ്ടും വിഡിയോ പ്ലേ ചെയ്തു.
ഇത് ശരിക്കുമുള്ളതാണോ എന്ന് പ്രിയ ചോദിച്ചതോടെയാണ് ട്വിസ്റ്റ്. അല്ല ഇത് എഐ വിഡിയോ ആണെന്നായിരുന്നു അവതാരികയുടെ മറുപടി. ഇത് ശരിയായില്ലെന്നും തന്‍റെ കണ്ണുകള്‍ നിറയുന്ന അവസ്ഥ പോലുമുണ്ടായി എന്നും പ്രിയ പറഞ്ഞു. വിജയ് തന്‍റെ പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും നല്‍കിയ വിഡിയോ സന്ദേശമാണ് എഡിറ്റ് ചെയ്ത് പ്രിയക്കുള്ള സന്ദേശമാക്കി മാറ്റിയത്.