പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികളുടെ പട്ടികയില്‍ ഫവാദ് ഖാന്‍ എന്ന പേരുമുണ്ട്. ഫവാദ് ഖാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ജനപ്രിയ സിനിമാതാരമാണ്. ഫവാദ് ഖാന്‍റെ ഏറ്റവും പുതിയ ഹിന്ദി ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. മെയ് 9ന് ആഗോള റിലീസ് നടക്കേണ്ട ചിത്രം ഇന്ത്യയില്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
പഹല്‍ഗാം ഭീകരാക്രമണത്തെ ഫവാദ് ഖാനും സോഷ്യല്‍ മീഡിയയില്‍ അപലപിച്ചിരുന്നു. മനുഷ്യത്വഹീനമായ ആക്രമണം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുവെന്നും ഈ ഭീകരാക്രമണത്തിനിരയായവര്‍ക്കൊപ്പം എല്ലാവിധ പ്രാര്‍ഥനകളെന്നും അദ്ദേഹം കുറിച്ചു. ദുര്‍ഘടഘട്ടത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് കരുത്തു നല്‍കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അബിര്‍ ഗുലാല്‍ സിനിമയില്‍ ഫവാദ് ഖാന്റെ സഹതാരമായ വാണി കപൂറും ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ചു. പക്ഷേ ഫവാദ് ഖാന്‍ നായകനായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രം തീരുമാനിക്കുന്നതെങ്കില്‍ അത് താരത്തിന് തിരിച്ചടിയാകും. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ബോയ്കോട്ട് അബിര്‍ ഗുലാല്‍ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ ശക്തമായിരുന്നു. പാക്കിസ്ഥാനി സിനിമാപ്രവര്‍ത്തകരുമായി ഒരു തരത്തിലുമുള്ള സഹകരണവുമുണ്ടാകില്ലെന്ന് സിനിമാപ്രവര്‍ത്തകരുടെ സംഘടനയും പ്രഖ്യാപിച്ചു.
ഫവാദ് ഖാന് ഇന്ത്യയില്‍ നിന്നുള്ള ഇത്തരം വിലക്കുകള്‍ ഇതാദ്യമല്ല. മുന്‍പും ഇന്ത്യ–പാക് ബന്ധം വഷളായപ്പോള്‍ ഫവാദ് ഖാന് ഹിന്ദി സിനിമയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നിട്ടുണ്ട്. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അബിര്‍ ഗുലാലിലൂടെ ബോളിവുഡില്‍ തിരിച്ചെത്തുമ്പോഴാണ് പഹല്‍ഗാം സംഭവിക്കുന്നത്. മുന്‍പ് കരണ്‍ ജോഹറിന്റെ യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ രാജ് താക്കറേയുടെ നവനിര്‍മാണ്‍ സേന ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒടുവില്‍ കരണ്‍ ജോഹര്‍ തന്നെ ഭാവിയില്‍ പാക്കിസ്ഥാന്‍ താരങ്ങളെ സഹകരിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. 2022ല്‍ ഫവാദ് ഖാന്റെ പാക്കിസ്ഥാന്‍ ചിത്രം ലെജന്‍ഡ് ഓഫ് മൗലാ ജാറ്റിന്റെ ഇന്ത്യയിലെ പ്രദര്‍ശനവും തീവ്ര സംഘടനകളുടെ എതിര്‍പ്പും നിയമപ്രശ്നവും കാരണം തടസപ്പെട്ടു. 2017ല്‍ ഷാരൂഖ് ഖാന്‍റെ റയീസ് എന്ന ചിത്രവും പാക് താരം മഹിറാഖാന്‍റെ സാന്നിധ്യത്തിന്റെ പേരില്‍ കുഴപ്പത്തിലായി.
പാക്കിസ്ഥാന്‍ താരമാണെങ്കിലും ഇന്ത്യയിലും ഫവാദ് ഖാന് വലിയ ആരാധകവൃന്ദമുണ്ട്. യേ ദില്‍ ഹെ മുശ്കില്‍ കൂടാതെ സോനം കപൂറിന്റെ നായകനായ ഖുബ്സൂരതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. ഫവാദ് ഖാന്‍ ആണ് നായകനെങ്കിലും ഇന്ത്യന്‍ ചിത്രമാണ് അബിര്‍ ഗുലാല്‍. വിവേക് ബി.അഗര്‍വാള്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആരതി ബാഗ്ഡി ആണ്. ഫവാദ് ഖാന്റെ തിരിച്ചുവരവില്‍ ഹിന്ദി ചലച്ചിത്രലോകം സന്തോഷം പ്രകടിപ്പിക്കുകയും കലയെ വിദ്വേഷത്തില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായപ്പെടുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ പഹല്‍ഗാമിനു ശേഷം അങ്ങനെയൊരു നിലപാടെടുക്കാന്‍ ബോളിവുഡ് തുനിയുന്നില്ല. ഇന്ത്യയുടെ ഹൃദയത്തിലേല്‍പിച്ച മുറിവിന് പാക്കിസ്ഥാന് എല്ലാ തലത്തിലും മറുപടി നല്‍കണമെന്ന പൊതു വികാരത്തില്‍ ഫവാദ് ഖാന്‍ ഒരിക്കല്‍കൂടി ഇന്ത്യ–പാക് വൈരത്തിന്റെ ചൂടറിയുകയാണ്.