Image Credit:X/Muneeb
പാക്കിസ്ഥാനിലെ ദേശീയ ഗെയിംസ് ഫുട്ബോളിന്‍റെ സെമി ഫൈനല്‍ മല്‍സരത്തിനിടെ പാക് പട്ടാളവും എതിര്‍ ടീമും തമ്മില്‍ കയ്യാങ്കളി. അക്രമത്തില്‍ ഇരു ടീമിലെയും അംഗങ്ങള്‍ക്കും റഫറിക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും പരുക്കേറ്റു. കെപിടി സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു സംഭവം. അടിപിടിയുടെ വിഡിയോ കാണികള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടതോടെ പാക്കിസ്ഥാന്‍ നാണം കെട്ടു. ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കളിയില്‍ കറാച്ചി ടീമിനെ പാക് സൈന്യം 4–3 ന് തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു.
കളിക്ക് പിന്നാലെ പാക് സൈനിക ടീം എതിര്‍ടീമിന്‍റെ ഡഗൗട്ടിന് മുന്നില്‍ നടത്തിയ വിജയാഘോഷമാണ് കയ്യാങ്കളിക്ക് കാരണമായത്. പാക് സൈന്യത്തിന് റഫറി വഴിവിട്ട സഹായം ചെയ്തുവെന്നും പെനല്‍റ്റി കിക്ക് അനുവദിച്ചുവെന്നും കളിക്കിടെ തന്നെ എതിര്‍ടീമായ WAPDA ചൂണ്ടിക്കാട്ടിയിരുന്നു. ഇതേച്ചൊല്ലി തര്‍ക്കവുമുണ്ടായി. തുടര്‍ന്നാണ് ഡഗൗട്ടിന് മുന്നില്‍ ആഘോഷ പ്രകടനം നടന്നത്. ഇതോടെ കുപിതരായ കറാച്ചി ടീം അംഗങ്ങള്‍ റഫറിയെ പിന്തുടര്‍ന്നെത്തുകയും മര്‍ദിക്കുകയുമായിരുന്നു.
അങ്ങനെയറ്റം അനിഷ്ടകരമായ സംഭവങ്ങളാണ് ഉണ്ടായതെന്നും പാക് ഒളിംപിക് അസോസിയേഷന്‍ സംഭവം അന്വേഷിക്കുമെന്നും പാക് ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ ഫുഡ്ബോള്‍ ഫെഡറേഷന്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിപിടിയില്‍ ഒഫീഷ്യലുകള്‍ക്ക് പങ്കുണ്ടെങ്കിലും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.