TOPICS COVERED

വിവാഹമോചനത്തിന് ശേഷം നേരിട്ട പരിഹാസങ്ങളെ പറ്റി തുറന്നു സംസാരിച്ച് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്​മാന്‍. തന്നെ വിമര്‍ശിക്കുന്നവരേയും പരിഹസിക്കുന്നവരേയും കുടുംബത്തിന്‍റെ ഭാഗമായാണ് കാണുന്നതെന്ന് റഹ്മാന്‍ പറഞ്ഞു. ദൈവത്തെ പോലും ആളുകള്‍ വിലയിരുത്തുമെന്നും അപ്പോള്‍ പിന്നെ താനാരാണെന്നും നയ്​ദീപ് രാക്ഷിതിന് നല്‍കിയ അഭിമുഖത്തില്‍ റഹ്​മാന്‍ പറഞ്ഞു. 

'എല്ലാവരും വിലയിരുത്തപ്പെടും. ഏറ്റവും ധനികനായ വ്യക്തിയെ മുതല്‍ ദൈവത്തെ വരെ ആളുകള്‍ വിലയിരുത്തുന്നു. അപ്പോള്‍ ഞാന്‍ ആരാണ്? ഞങ്ങളെ വിമര്‍ശിക്കുന്നവരും കുടുംബമാണ്,' റഹ്​മാന്‍ പറഞ്ഞു. 

കര്‍മയില്‍ വിശ്വാസമുണ്ട്. ഞാന്‍ ആരുടെയെങ്കിലും കുടുംബത്തെ പറ്റി പറഞ്ഞാല്‍ എന്നെ പറ്റിയും ആരെങ്കിലും പറയും. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെയൊരു വിശ്വാസമാണത്. ആരെപറ്റിയും അനാവശ്യമായി സംസാരിക്കരുത്. കാരണം എല്ലാവര്‍ക്കും അമ്മയും പെങ്ങളും ഭാര്യയുമൊക്കെയുണ്ട്. എന്‍റെ കുടുംബത്തെ പറ്റി വേദനിപ്പിക്കുന്ന തരത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരോട് ക്ഷമിക്കണമെന്നും നേരായ വഴിയിലേക്ക് നടത്തണമെന്നുമാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളതെന്നും റഹ്​മാന്‍ പറഞ്ഞു. 

കഴിഞ്ഞ നവംബറിലാണ് വിവാഹമോചിതരാവുകയാണെന്ന് സൈറയും എ.ആര്‍.റഹ്‌മാനും അറിയിച്ചത്. അടുക്കാനാവാത്തവിധം അകന്നുപോയെന്ന് പറഞ്ഞുള്ള കുറിപ്പോടെയാണ് വിവാഹമോചന വിവരം സൈറാ ബാനു പങ്കുവെച്ചത്. വികാരനിര്‍ഭരമായ കുറിപ്പുമായി എ.ആര്‍.റഹ്‌മാനും വിവാഹമോചനം സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY:

Music director A.R. Rahman opened up about the ridicule he faced after his divorce. He said he views his critics and those who mock him as part of his extended family. Rahman added that even God is judged by people, so who is he to be exempt from it?