പുകവലി ആരോഗ്യത്തിന് ഹാനികരം.
സിനിമയിലെ ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും ചര്‍ച്ചായായിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്നം, സിനിമ ഒരിക്കലും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് താരം വ്യക്തമാക്കി. സിനിമയിലെ ദുരനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നല്ല കാര്യമാണെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍;
വിദ്യാസമ്പന്നരുള്ള നാട്ടില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തേണ്ട് വരുന്ന എന്നത് തന്നെ മോശമാണ്. മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്നം. അതൊരു സിനിമ മാത്രമല്ലേ. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് സിനിമ ചെയ്യുന്നത്. അല്ലാതെ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ല.
സംസ്ഥാനത്ത് എങ്ങനെ ലഹരി എത്തുന്നു? അതെങ്ങനെ സ്കൂളുകളില്‍ എത്തുന്നു? ആരാണ് എത്തിക്കുന്നത്? ഇങ്ങനെ പല ചോദ്യങ്ങളും എന്‍റെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നുണ്ട്. സ്കൂളുകളിലും വീടുകളിലുമടക്കം കൂടുതല്‍ ശ്രദ്ധയും കരുതലും വേണം. ലഹരി അത്രയും അപകടം പിടിച്ച പാതയാണ്.
സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലായിടത്തും ലഹരി സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. സിനിമയിലെ ആളുകളാകുമ്പോള്‍ അവിടേക്ക് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു എന്നുമാത്രം. സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് നടിമാര്‍ നടത്തുന്ന തുറന്നുപറച്ചിലുകളും നല്ല കാര്യമാണ്.