ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി നടി മാലാ പാര്‍വതി.ഷൈന്‍  സെറ്റില്‍ എങ്ങനെയാണെന്ന് ചോദിച്ചതിനുള്ള  മറുപടിയായി തന്‍റെ അനുഭവം വിശദീകരിച്ചതാണെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാലാ പാര്‍വതി ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശുകയും വിന്‍ സിയെ തള്ളിപ്പറയുകയും ചെയ്തുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലാണ് വിശീദകരണമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ താന്‍ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് പിഴവു പറ്റിയെന്നും  മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കുള്ള അതേ അനുഭവം സ്വാസികയും പങ്കുവച്ചുകണ്ടുവെന്നും അവര്‍ കുറിച്ചു. 

വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഷൈന്‍ ടോമിനെ കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു സ്വാസികയുടെ പ്രതികരണം. കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഷൈന്‍. ഷൂട്ടിങ്ങിന് കൃത്യസമയത്ത് തന്നെ എത്തുമായിരുന്നു. എല്ലാം നന്നായി ചെയ്യും. ചിത്രീകരണത്തിലുടനീളം ഷൈന്‍ നന്നായി സഹകരിച്ചു. അതുകൊണ്ടു മാത്രമാണ് നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാനായത്. ആ സിനിമ സെറ്റില്‍ മാത്രമാണോ അങ്ങനെ എന്നറിയില്ല. ഷൈനിന്‍റെ ഭാഗത്തു നിന്ന് വ്യക്തിപരമായി ഇതുവരെ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ അതുകൊണ്ട് എല്ലാ സെറ്റിലും അങ്ങനെയാണോ എന്ന് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു സ്വാസിക വിശദീകരിച്ചത്. 

മാലാ പാര്‍വതിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: 'മാലാ പാർവതി,ഷൈൻ ടോം ചാക്കോ - യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എന്‍റെ അനുഭവം പറഞ്ഞു. 

ഈ ഇന്‍റര്‍വ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിന്‍റെ സമയത്തെ പരസ്പരം കാണുകയുള്ളൂ. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ കോണ്‍ടെക്സ്റ്റില്‍ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്‍റെ അറിവ്, പ്രസക്തമല്ല എന്നും. 

ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്‍റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു. വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിന്‍റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല.

രണ്ടാമത്തെ വിഷയം - 'കോമഡി' എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി' പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിന്‍റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. നന്ദി'.

ENGLISH SUMMARY:

Actress Mala Parvathi responds to allegations surrounding her remarks on Shine Tom Chacko, stating she only shared her experience when asked. She also noted that actress Swasika had similar experiences.