സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ ഓര്‍മകള്‍ അയലിറക്കി നടി ഉര്‍വശി. 1989ല്‍ മഴവില്‍ കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിന് ആദ്യമായി മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച സമയത്തെ ഓര്‍മകളാണ് ഉര്‍വശി പങ്കുവച്ചത്. സംസ്ഥാന അവാര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു പടത്തിന്‍റെ കേന്ദ്രകഥാപാത്രമല്ലാത്ത കഥാപാത്രത്തിന് അവാര്‍ഡ് ലഭിക്കുന്നതെന്ന് ഉര്‍വശി പറഞ്ഞു.
'മഴവില്‍ കാവടി എന്ന സിനിമയില്‍ അഞ്ചോ ആറോ സീനിലുള്ള എന്‍റെ കഥാപാത്രം കൂടി അവാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നു. വര്‍ത്തമാനകാലം എന്ന സിനിമക്കും മഴവില്‍ കാവടിക്കുമാണ് അവാര്‍ഡ് ലഭിച്ചത്. മൂന്നാംകിട കച്ചവട സിനിമ എന്ന് സാധാരണ അന്ന് പറയാറുള്ള സിനിമ, അന്നത്തെ ക്ലാസിക് സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ ഇത്തരം സിനിമകളിലാണ് ഈ കുട്ടി അഭിനയം പാഴാക്കുന്നത് എന്ന് പറയാറുണ്ട്. പക്ഷേ അത്രയും ജനപ്രിയമായ സിനിമയില്‍ ഒരു ആര്‍ട്ടിസ്റ്റിന് അവാര്‍ഡ് കിട്ടുന്നത് പുതിയ കാര്യമായിരുന്നു. എനിക്കതിന്‍റെ വില അറിയില്ലായിരുന്നു. പക്ഷേ ഇന്ന് ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ സംവിധായകന്‍ ക്രിസ്റ്റോ ടോമിയോട് അങ്ങേയറ്റം നന്ദിയുണ്ട്. ആ സിനിമയുടെ ആത്മവിശ്വാസം ക്രിസ്റ്റോയാണ്. ക്രിസ്റ്റോയ്ക്കാണ് ഈ അവാര്‍ഡിന് അര്‍ഹത, ഒപ്പം എന്‍റെ അനിയത്തിയെ പോലെ ഞാന്‍ സ്നേഹിക്കുകയും ഈ സിനിമയില്‍ എനിക്ക് ഏറ്റവും പിന്തുണ നല്‍കി അഭിനയിക്കുകയും ചെയ്ത പാര്‍വതി തിരുവോത്തിനും എന്‍റെ നന്ദി,' ഉര്‍വശി പറഞ്ഞു.
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് അവാര്‍ഡ് ലഭിച്ചത്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങമായി എത്തിയ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്.