ഭക്ഷണപ്രേമികളുടെ പ്രിയ്യപ്പെട്ടയിടമാണ് മുംബൈയിലെ ഗൗരി ഖാന്റെ ടോറി റസ്റ്ററന്റ്. എന്നാല്‍ അടുത്തിടെ ഒരു യൂട്യൂബറിന്റെ പോസ്റ്റിലൂടെയാണ് റസ്റ്ററന്റ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റസ്റ്ററന്‍റില്‍ വിളമ്പുന്നത് വ്യാജ പനീറാണെന്നായിരുന്നു യൂട്യൂബറിന്‍റെ പോസ്റ്റ്. വിഡിയോയില്‍ സെലിബ്രിറ്റികളുടെ റസ്റ്ററന്റുകളില്‍ നിന്ന് പനീര്‍ പരീക്ഷിക്കുകയാണ് സാർത്ഥക് എന്ന യൂട്യൂബര്‍.
വിരാട് കോലിയുടെ വൺ8 കമ്യൂൺ, ശിൽപ ഷെട്ടിയുടെ ബാസ്റ്റ്യൻ, ബോബി എന്നിവയുൾപ്പെടെ മുംബൈയിലെ ചില ട്രെൻഡിങ് റസ്റ്ററന്റുകളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള 19 വയസ്സുള്ള സാർത്ഥക് സച്ച്‌ദേവ ഈ റസ്റ്ററന്റുകളിലെല്ലാം പനീറില്‍ അയഡിന്‍ ടെസ്റ്റും നടത്തി.
കോലിയുടെ റെസ്റ്ററന്റിൽ, അവരുടെ പ്രശസ്തമായ പനീർ ചാവലിലാണ് ടെസ്റ്റ് നടത്തിയത് എന്നാല്‍ വിരാടിന്റെ റസ്റ്ററന്റ് ടെസ്റ്റില്‍ പാസായിരുന്നു. ഇതേപോലെ മറ്റു താരങ്ങളുടെ റസ്റ്ററന്‍റുകളും ടെസ്റ്റില്‍ പാസായി. എന്നാല്‍ അവസാനമായി സാർത്ഥക് ഗൗരി ഖാന്റെ പുതുതായി തുറന്ന റസ്റ്ററന്റായ ടോറിയിലേക്ക് പോയത്. എന്നാല്‍ ഇവിടെ ഉപയോഗിച്ച പനീര്‍ വ്യാജമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പോസ്റ്റ് ഇതിനോടകം തന്നെ 5.5 ദശലക്ഷത്തിലധികം പേർ കാണുകയും ചെയ്തു.
പനീറിൽ അന്നജം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു എളുപ്പ മാർഗമാണ് അയഡിൻ ടെസ്റ്റ്. അയഡിൻ ചേർക്കുമ്പോൾ പനീറിന്റെ നിറം നീലയോ കറുപ്പോ ആയി മാറിയാൽ, അതിനർഥം അന്നജത്തിന്റെ സാന്നിധ്യം ഉണ്ട് എന്നാണ്. പാൽ പ്രോട്ടീനുകളിൽ നിന്നാണ് ശുദ്ധമായ പനീർ നിർമ്മിക്കുന്നത്, അയഡിൻ ഉപയോഗിക്കുംമ്പോള്‍ അത് നീലയോ കറുപ്പോ ആകരുത്. ഒരു കഷണം പനീറിൽ കുറച്ച് തുള്ളി അയഡിൻ ലായനി ചേർത്താണ് പരിശോധന നടത്തുന്നത്.
എന്നാല്‍ വൈകാതെ ഈ വിഡിയോ റസ്റ്ററന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ ശ്രദ്ധയിലും പെട്ടു, ‘അയഡിൻ പരിശോധന പനീറിന്റെ ആധികാരികതയെയല്ല, സ്റ്റാർച്ചിന്റെ സാന്നിധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’ എന്നാണ് റസ്റ്ററന്‍റ് വാദിക്കുന്നത്. പനീറിന്റെ ശുദ്ധതയും ടോറിയിലെ തങ്ങളുടെ ചേരുവകളുടെ സമഗ്രതയും എന്നും നിലനിർത്തുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് മുതൽ പ്ലേറ്റിൽ വിളമ്പുന്നത് വരെ, ഓരോ ഘട്ടത്തിലും ഗുണനിലവാര പരിശോധനകൾ ഉണ്ടെന്നും റസ്റ്ററന്‍റ് അധികൃതര്‍ വ്യക്തമാക്കി.