Picture Credit @swasikavj
സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്ത നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വിന്‍ സി. അലോഷ്യസ്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം എന്നും നടി പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു നീങ്ങിയ വിന്‍ സിക്ക് സിനിമാ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അനുഭവം നടി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ തീര്‍ച്ചയായും അന്വേഷിക്കണം എന്നാണ് നടി സ്വാസിക മനോരമ ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.
വിന്‍ സി ഇങ്ങനെയൊരു കാര്യം തുറന്നുപറയുമ്പോള്‍ അതെല്ലാവരും കേള്‍ക്കണം. അതിനെക്കുറിച്ച് അന്വേഷിക്കണം. കൃത്യമായ നടപടിയെടുക്കണം എന്നാണ് പറയാനുള്ളത് എന്ന് സ്വാസിക വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ഒന്നും തുറന്നു പറയുന്നില്ല എന്നാണല്ലോ പറയാറുള്ളത്. ഇപ്പോള്‍ കൃത്യമായി വിന്‍ സി എല്ലാം പറഞ്ഞുവച്ചിട്ടുണ്ട്. താന്‍ ആ സെറ്റിലുണ്ടായിരുന്നില്ല അതുകൊണ്ട് വ്യക്തമായി ഇതേക്കുറിച്ച് അറിയില്ല എന്നും നടി പറഞ്ഞു. ALSO READ; പൊലീസിനെ കണ്ടപ്പോള്‍ ഇറങ്ങിയോടി; വിന്‍ സി പറഞ്ഞത് സ്റ്റാറ്റസിട്ട് ഷൈന്‍
ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. കമലായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ഈ സിനിമയുടെ സെറ്റില്‍ വച്ചൊന്നും തനിക്ക് ഷൈനില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടില്ല എന്നും സ്വാസിക വ്യക്തമാക്കി. കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഷൈന്‍. ഷൂട്ടിങ്ങിന് കൃത്യസമയത്ത് തന്നെ എത്തുമായിരുന്നു. എല്ലാം നന്നായി ചെയ്യും. ചിത്രീകരണത്തിലുടനീളം ഷൈന്‍ നന്നായി സഹകരിച്ചു. അതുകൊണ്ടു മാത്രമാണ് നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാനായത്. ആ സിനിമ സെറ്റില്‍ മാത്രമാണോ അങ്ങനെ എന്നറിയില്ല. ഷൈനിന്‍റെ ഭാഗത്തു നിന്ന് വ്യക്തിപരമായി ഇതുവരെ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് എല്ലായിടത്തും അങ്ങനെ ആയിരിക്കും എന്ന് പറയാനാവില്ലല്ലോ എന്നും സ്വാസിക പറയുന്നു.
ജോലി സ്ഥലത്ത് ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍ പാടില്ല. ആരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും ഉണ്ടാകരുത്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അത് ബുദ്ധിമുട്ടാണ്. നിര്‍മാതാക്കളുടെ സംഘടന, സംവിധായകര്‍ തുടങ്ങിയവരാണ് ഇതുപോലുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതും. പരാതികള്‍ ഉയര്‍ന്നാല്‍ പൊലീസ് നടപടിയടക്കം വേണമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.