ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടി വിന്‍ സി. അലോഷ്യസിന്‍റെ നിലപാടിന് പിന്തുണയേറുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍ സി നേരത്തെ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടെ. പക്ഷേ പൊതുവിടത്ത് ശല്യമാകുന്നതാണ് പ്രശ്നമെന്ന് വ്യക്തമാക്കിയാണ് വിന്‍ സി സിനിമാ സെറ്റില്‍ നേരിട്ട മോശം അനുഭവത്തെ കുറിച്ച് പ്രതികരിച്ചത്. ALSO READ; ലഹരി ഉപയോഗിച്ച് ആ നടന്‍ എന്നോട് മോശമായി പെരുമാറി; നിലപാടില്‍ വ്യക്തത വരുത്തി നടി വിന്‍സി
ഇപ്പോഴിതാ വിന്‍ സിക്ക് പിന്തുണയുമായി നടി ശ്രുതി രജനീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്. താൻ ഏറെ ആരാധിക്കുന്ന, കഴിവുള്ള നടിയാണ് വിൻ സിയെന്നും സിനിമയിൽ അവർക്ക് അവസരങ്ങൾ ഇല്ലെങ്കിൽ അതിന്‍റെ കാരണം പ്രേക്ഷകർക്ക് തന്നെ ചിന്തിച്ചാൽ മനസിലാകുമെന്നുമാണ് ശ്രുതി പറയുന്നത്. വിൻ സി ഒരു കഴിവുറ്റ കലാകാരിയാണ്. വിൻ സിക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്നത് ഷോക്കിങ് ആയി തോന്നി. അവർ പറഞ്ഞ കാര്യത്തിന് ആളുകളിൽ നിന്നും വന്ന കമന്‍റുകള്‍ കണ്ട് ആണ് കൂടുതല്‍ ഞെട്ടിയതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
ശ്രുതി രജനീകാന്ത് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്;
ചില ആളുകൾ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീർക്കുന്നതാകാം അല്ലെങ്കിൽ ചിലർ ചുമ്മാ നെഗറ്റീവ് പറഞ്ഞാൽ കമന്റ്സിന് ലൈക്ക് കിട്ടും എന്നുകരുതി ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമയോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മൾ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോൾ. ഞാൻ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയറ്ററിൽ കാണുന്ന ഒരാളായിരുന്നു. അതുപോലെതന്നെ സിനിമ എന്ന് പറയുമ്പോൾ കണ്ണിൽ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാൻ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാൽ ഞാൻ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്.
ചിലത് ദൂരെനിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ അതിന്‍റെ കുറ്റങ്ങൾ മനസ്സിലാകൂ. അതുപോലെയാണ് ഇപ്പോൾ വിൻ സി പറഞ്ഞ കാര്യം. നമുക്ക് വെളിയിൽനിന്ന് കാണുമ്പോൾ ഭയങ്കര ആഡംബര ജീവിതം, അവരുടെ അഭിനയിക്കാനുള്ള കഴിവ്, സ്റ്റാർഡം. ഇതെല്ലാം കണ്ടാൽ എന്ത് അടിപൊളിയാ എന്ന് തോന്നിപ്പോകും. പക്ഷേ അവരൊന്നും അങ്ങനെയല്ല.
വിൻ സി പറഞ്ഞ ഒരു കാര്യം സത്യമാണ്, ഒരുപക്ഷേ പടം ഇല്ലായിരിക്കാം. ഇപ്പോള്‍ ഞാനാണെങ്കിലും എന്നോട് കുറേ പേര് അടുത്ത പ്രോജക്റ്റ് ഏതാ എന്ന് ചോദിച്ചാൽ പറയാൻ എനിക്ക് പ്രോജക്റ്റ് ഇല്ല. പ്രോജക്റ്റ് ഇങ്ങനെ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന സാധനം അല്ല. വരുന്നതൊക്കെ നമുക്ക് ഇഷ്ടപ്പെടണം എന്നുമില്ല. ഭയങ്കര മത്സരമുള്ള ഫീൽഡ് ആണ്, എന്തും എങ്ങനെയും ചെയ്യാൻ തയാറായ ആൾക്കാരുണ്ട്, അങ്ങനെ അല്ലാത്തവരും ഉണ്ട്. ഇതൊരു ഭയങ്കര വിശാലമായ കാര്യമാണ്. പ്രോജക്റ്റ് ഇല്ലാത്ത കഴിവ് ഇല്ലാത്തതുകൊണ്ടാണ് എന്ന് വിൻസിയെപോലെ ഒരു ആർട്ടിസ്റ്റിന്റെ മുഖത്ത് നോക്കി എങ്ങനെ പറയാൻ പറ്റും? ഒരിക്കലും പറയാൻ പറ്റില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കേണ്ടത് തിരിച്ചാണെന്നാണ്, കാരണം വിൻ സിക്കൊക്കെ പടം കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അവിടെ എന്തോ കുഴപ്പമുണ്ട് എന്നാണ് ചിന്തിക്കേണ്ടത്.
ഞാൻ നേരിട്ട ഒരനുഭവം ഉണ്ട്. ഒരു സാഹചര്യത്തിൽ എന്നോടു വളരെ മോശമായി പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയി. സിനിമയിൽ വലിയ ഒരു പൊസിഷനിൽ നിൽക്കുന്ന ഒരാൾ അപ്പോ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് “നീ ആരാ മമ്മൂട്ടിയോ? എന്‍റെ മുമ്പിൽ നിന്ന് ഇങ്ങനെ ഇറങ്ങി പോകാൻ, വാക്ക് ഔട്ട് നടത്താൻ” എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ട കാര്യമുണ്ട്, മമ്മൂട്ടി ആണേലും മോഹൻലാൽ ആണേലും, ഞാൻ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഒരാൾക്ക് ബഹുമാനം കിട്ടണമെങ്കിൽ അത്രയും വലിയ സൂപ്പർസ്റ്റാർ ആകണമെന്നില്ല. നമ്മളോട് മോശമായി പെരുമാറുന്ന ഇടത്തുനിന്ന് ഇറങ്ങിപോകാനും തിരിച്ചു പറയുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. വിന്‍ സിക്ക് ഞാന്‍ സകല പിന്തുണയും നല്‍കുന്നു.