എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ പ്രണയനായകനായി നിറഞ്ഞുനിന്ന നടന്‍ രവികുമാര്‍(71) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹത്തെ അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നൂറ്റിയന്‍പതിലേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അവളുടെ രാവുകള്‍, തച്ചോളി അമ്പു, ആ നിമിഷം, സര്‍പ്പം, സൈന്യം തുടങ്ങിയവയാണ് ശ്രദ്ധേയം. ഐ.വി.ശശിയുടെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ.
തൃശൂർ സ്വദേശിയായ ആദ്യകാല നിര്‍മാതാവ് കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് അദ്ദേഹത്തെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.