ലൂസിഫര്‍ സിനിമ കണ്ട് കഴിഞ്ഞവര്‍ ഒരുപക്ഷേ അന്ന് തിരഞ്ഞ വാക്കാണ് എമ്പുരാന്‍. തമ്പുരാന് മുകളില്‍ ദൈവത്തിനു താഴെ എന്നാണ് എമ്പുരാന്‍റെ അര്‍ഥം. ഇന്ന് എമ്പുരാന്‍ സിനിമ കണ്ടിറങ്ങിയവര്‍ തിരയുന്നത് അസ്രയേല്‍ എന്താണ് എന്നാണ്. സിനിമ തീര്‍ന്നതിനുശേഷം വന്ന പാട്ടില്‍ ആവര്‍ത്തിച്ചുകേട്ട വാക്ക്. എന്താണ് അസ്രയേല്‍, എങ്ങനെയാണ് ഈ വാക്ക് ഈ സിനിമയോട് ബന്ധപ്പെട്ടിരിക്കുന്നത്?
ദീപക് ദേവ് ഈണം നല്‍കിയ അസ്രയേലിനെ ഇത്രത്തോളം തീവ്രമാക്കുന്നത് ഉഷ ഉതുപ്പിന്‍റെ ഗാംഭീര്യമാര്‍ന്ന ശബ്ദമാണ്. ഒപ്പം ചില സൂചനകളും അര്‍ഥതലങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്ന തിരക്കഥാകൃത്ത് മുരളി ഗോപിയുടെ വരികളും. യഹൂദ, ഇസ്ലാമിക പൗരാണിക കഥകളിലും മിത്തുകളിലുമുള്ള വാക്കാണ് അസ്രയേല്‍. ഈ വാക്ക് മരണത്തേയും മരണദേവനേയുമൊക്കെയാണ് അര്‍ഥമാക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം, അസ്രയേല്‍ എന്നാല്‍ മരിച്ച ശരീരങ്ങളില്‍ നിന്നും ആത്മാക്കളെ വേര്‍പെടുത്തിയെടുക്കുന്നവനാണ്. അസ്രയേൽ ആത്മാക്കള്‍ക്കൊപ്പം പരലോകത്തേക്ക് യാത്ര ചെയ്യും. അതായത് മനുഷ്യരിൽ നിന്ന് ആത്മാവിനെ വിടുവിക്കുന്ന, ദൈവത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ദൂതനാണ് അസ്രയേൽ. ചിലയിടങ്ങളില്‍ ദയവും അലിവുമുള്ള ബിംബമായും അസ്രയേലിനെ വ്യാഖ്യാനിക്കുന്നുണ്ട്. ശിക്ഷ നല്‍കുന്നതിനുപകരം മരണാനന്തര ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുന്നവന്‍ എന്ന ആര്‍ഥമാണ് ഇവിടെ വരുന്നത്.
ഈ ഷിയോളിന്‍ ധീരാ, തീയാളുന്ന ദേവാ എന്ന വരികളിലാണ് അസ്രയേല്‍ തുടങ്ങുന്നത്. മരണശേഷം ആത്മാക്കള്‍ ചെല്ലുന്ന സ്ഥലം എന്നാണ് പ്രാചീന ഹീബ്രുവില്‍ ഷിയോളിന്‍റെ അര്‍ഥം. ചില ബൈബിള്‍ വ്യാഖ്യാനങ്ങളില്‍ ഷിയോളിന്‍റെ അര്‍ഥം നരകമെന്നാണ്. ബൈബിളില്‍ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട ജ്ഞാനത്തിന്‍റെ കനിയോടും, അഗ്നിക്കിണര്‍, നരകം എന്നൊക്കെ അര്‍ഥം വരുന്ന ഗെഹന്നയോടുമൊക്കെ നായകനെ ഗാനത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്.
ഇനി എമ്പുരാന്‍ സിനിമയിലേക്ക് വന്നാല്‍ പിതാവിന്‍റേയും പുത്രന്‍റേയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്‍റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍ എന്നാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെ വിശേഷിപ്പിക്കുന്നത്. തന്‍റെ എതിരാളികളില്‍ ഒരാളെ കൊലപ്പെടുത്തിയ ശേഷം എബ്രാം ഖുറേഷി പറയുന്നതും നമുക്കിനി നരകത്തില്‍ കാണാം എന്നാണ്.
സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട കറുത്ത മാലാഖ എന്നാണ് സ്റ്റീഫന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ദൈവവവും ദൈവപുത്രനും പരാജയപ്പെട്ടിടത്ത് ദൈവപുത്രന്‍ ചെയ്ത പാപങ്ങളുടെ വിളവെടുക്കാന്‍ ഉയര്‍ത്തെഴുന്നേറ്റ ദത്തുപുത്രന്‍. സിനിമയുടെ ആത്മാവിനേടും നായകന്‍റെ അസ്ഥിത്വത്തോടും ഏറ്റവും അടുത്തുനില്‍ക്കുന്ന പാട്ടാണ് അസ്രയേല്‍. മൂന്നാം ഭാഗത്തിന്‍റെ ടൈറ്റിലിലേക്കുള്ള സൂചനയും അസ്രയേല്‍ നല്‍കുന്നുണ്ട്. ലൂസിഫറിന്‍റെ അവസാനം വന്ന എമ്പുരാന്‍ രണ്ടാം ഭാഗത്തിന്‍റെ പേരായത് പോലെ എമ്പുരാന്‍റെ അവസാനം വന്ന അസ്രയേല്‍ മൂന്നാം ഭാഗത്തിന്‍റെ പേരായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.