നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് നടിയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്. പ്രതിശ്രുത വരന്‍റെ കൈക്കൊപ്പം തന്‍റെ കൈ ചേര്‍ത്തുള്ള ചിത്രമാണ് അഭിനയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ സിനിമയില്‍ എത്തുന്നത്. പിന്നാലെ 58ല്‍ അധികം ചിത്രങ്ങള്‍. അടുത്തിടെ ജോജു ജോര്‍ജ് സംവിധാനം ചെയ്ത് നായകനായ പണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും അഭിനയ ഇടംപിടിച്ചിരുന്നു. കുട്ടിക്കാലം മുതൽ അഭിനയത്തോടായിരുന്നു താൽപര്യമുണ്ടായിരുന്നു. അതിന് സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തത് ഒരു തടസമായില്ല. ട്രാൻസിലേറ്ററിന്റെയും മറ്റും സഹായത്തോടെ ഡയലോഗുകൾ മനപാഠമാക്കി ടൈമിങിൽ ഡയലോഗ് ഡെലിവറി നടത്തി അഭിനയ പ്രേക്ഷകരേയും സഹതാരങ്ങളേയും അമ്പരപ്പിച്ചു.
പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്,' അഭിനയ പറഞ്ഞു.