സംവിധായകന്‍ ദീപു കരുണാകരനെതിരെ നടി അനശ്വര രാജന്‍റെ പരാതിയില്‍ പരിഹാരം. അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം. തെറ്റിദ്ധാരണമൂലമുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച നടി സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചില്ല, സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് സംവിധായകന്‍ പങ്കുവച്ചത്. ദീപു കരുണാകരന്‍റെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
താരത്തിനെതിരെ സൈബര്‍ അറ്റാക്ക് സജീവമായതോടെ വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ച് അനശ്വര രാജനും സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തന്‍റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തീയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷനു എത്താൻ തയ്യാറാണെന്നും താന്‍ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷനില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്വം ആണെന്ന ബോധ്യമുള്ള വ്യക്തിയാണെന്നും അനശ്വര വ്യക്തമാക്കി. അനശ്വര രാജന്‍ പോസ്റ്റില്‍ കുറിച്ചു.
ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രകാശ് ഗോപാലനും മുന്നോട്ട് വന്നിരുന്നു. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ പോകുന്നതേയുള്ളുവെന്നും ചിത്രീകരണ സമയത്ത് പോലും നടിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായിട്ടില്ലെന്നും നിർമാതാവും വ്യക്തമാക്കിയിരുന്നു.