മലയാളത്തില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. എഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിച്ചതുള്‍പ്പെടെ പല കൗതുകങ്ങളുമുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം അത് യാഥാര്‍ഥ്യമാക്കിയ മറ്റുള്ളവരെയും പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍.
മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു. ആന്‍ഡ്രൂവിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ്‌സ്റ്റൈന്‍ ടീമാണ് എഐ ഉപയോഗിച്ചുള്ള ഡീ ഏയ്ജിങ് നടത്തിയത്.
‘കാതോട് കാതോരം’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ആ സിനിമയില്‍ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും പിന്നീടുള്ള ഷൂട്ടിങ് സീനുകളുമാണ് ചിത്രത്തിലുള്ളത്. സിനിമയ്ക്കായി നിരവധി തയാറെടുപ്പുകളു സൂര്യ നടത്തി 90 കിലോയോളം ഉണ്ടായിരുന്ന ശരീരഭാരം 80 കിലോയിലേക്ക് എത്തിച്ചു. മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഏറെ ശ്രമപ്പെട്ട് തന്നെയാണ് പരിശീലിച്ചെടുത്തത്.