naina-ahana

TOPICS COVERED

നടി അഹാന കൃഷ്​ണക്കെതിരെ  അന്തരിച്ച സംവിധായകന്‍ മനു ജെയിംസിന്‍റെ ഭാര്യ നൈന. മനു സംവിധാനം ചെയ്​ത ചിത്രത്തിലെ നായിക ആയിട്ടും അഹാന ചിത്രത്തിന്‍റെ പ്രമോഷന് സഹകരിക്കുന്നില്ലെന്നാണ് നൈന പറഞ്ഞത്. മനു ജെയിംസ് സംവിധാനം ചെയ്​ത നാന്‍സി റാണി എന്ന ചിത്രത്തിലെ പ്രധാനതാരമാണ് അഹാന. നാന്‍സി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ 2023 ഫെബ്രുവരി 25ന് മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മനു ജയിംസിന്‍റെ വിയോ​ഗം. ഇപ്പോള്‍ നൈനയാണ് ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ചുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മനുവുമായി അഹാനക്ക് പ്രശ്​നങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാല്‍ മാനുഷിക പരിഗണന ഉണ്ടാവേണ്ടതായിരുന്നുവെന്നും കൊച്ചിയില്‍ നടന്ന  വാര്‍ത്താസമ്മേളനത്തില്‍  നൈന പറഞ്ഞു. 

‘അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം.

പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ്.’ നൈന പറഞ്ഞു. 

ENGLISH SUMMARY:

Naina, wife of late director Manu James, against actress Ahana Krishna. Naina said that despite being the heroine of the film directed by Manu, Ahana is not cooperating with the promotion of the film. Ahana is the lead actress in the film Nancy Rani directed by Manu James.