കലാകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്ന് നടന്‍ ജഗദീഷ്. ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തോട് ബന്ധപ്പെടുത്തിയായിരുന്നു ജഗദീഷിന്‍റെ പ്രതികരണം. നമുക്ക് ഒഴിഞ്ഞു മാറി നിൽക്കാൻ പറ്റില്ലെന്നും സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇത് പറയുമ്പോൾ ധ്യാൻ ശ്രീനിവാസനെതിരെ ഒളിയമ്പുമായി ജഗദീഷ് എന്ന് കൊടുക്കരുതെന്നും താരം അഭ്യാര്‍ഥിച്ചു.
‘കലാകാരന് സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകണം എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. കാരണം സമൂഹത്തോട് ഒരു നടന് ഉത്തരവാദിത്വം ഉണ്ട്. ഞാനൊക്കെ വളരെ പേടിച്ചാണ് ഇപ്പോൾ ഒരു പരസ്യത്തിൽ അഭിനയിക്കുന്നത്. ഉദാഹരണത്തിന് ഒരു പണമിടപാട് സ്ഥാപനം അത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ലെങ്കിൽ നാളെ പ്രേക്ഷകർ അല്ലെങ്കിൽ ജനങ്ങൾ എന്നോട് പറയും ജഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങളൊക്കെ കൊണ്ട് പൈസയിട്ടത്, ഞങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു പണമിടപാട് സ്ഥാപനം ആകുമ്പോൾ അതിന്റെ റെപ്യൂട്ടേഷൻ എന്താണെന്ന് അന്വേഷിച്ചറിയേണ്ട ധാർമികമായിട്ടുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇന്നിപ്പോൾ കൺസ്യൂമർ പ്രൊട്ടക്ഷൻ അനുസരിച്ച് നമ്മൾ ഒരു ക്രീം തേച്ചാൽ മുഖം വെളുക്കും എന്ന് നമ്മൾ പറയുകയാണെന്നുണ്ടെങ്കിൽ ആ ക്രീമിന്റെ ഒരു ഫലം എന്താണെന്നുള്ളത് ഒരു നടൻ ബോധ്യപ്പെട്ടതിനു ശേഷമേ അതിനുവേണ്ടി എൻഡോഴ്സ് ചെയ്യാവൂ എന്നാണ് ഇപ്പോഴത്തെ റൂൾ. അതുകൊണ്ട് നമ്മൾ അൽപം സൂക്ഷിക്കണം.
പിന്നെ സമൂഹത്തോട് നമുക്ക് ഉത്തരവാദിത്വം ഉണ്ട്, ഇല്ലെന്ന് പറയാൻ പറ്റില്ല, നമുക്ക് ഒഴിഞ്ഞു മാറി നിൽക്കാൻ പറ്റില്ല. സമൂഹത്തോട് നമുക്ക് ഉത്തരവാദിത്വം ഉണ്ട്. ഇത് പറയുമ്പോൾ ഇത് ധ്യാൻ ശ്രീനിവാസനെതിരെ ഒളിയമ്പുമായി ജഗദീഷ് എന്ന് കൊടുക്കരുത് പ്ലീസ്. അത് എനിക്ക് വളരെ വിഷമമുള്ള കാര്യമാണ് കാരണം എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സഹായിച്ചിട്ടുള്ള, എനിക്ക് എന്റെ പാത വെട്ടിത്തു തുറന്നു തന്നിട്ടുള്ള ശ്രീനിവാസന്റെ മകൻ എന്ന നിലയിലും എന്റെ ഒരു അനിയൻ എന്ന നിലയിലും ധ്യാനിനെ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ സഹോദരൻ എന്റെ അനിയൻ. ഇത് ധ്യാൻ ശ്രീനിവാസനെതിരെയുള്ള ഒളിയുമ്പോ ഒന്നുമല്ല. ധ്യാൻ ശ്രീനിവാസനോട് വിയോജിപ്പുണ്ട് എന്ന് വേണമെങ്കിൽ രേഖപ്പെടുത്തിക്കോളൂ. കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണം എന്ന് തന്നെയാണ് എന്റെ പക്ഷം എന്ന് കൊടുത്തോളൂ, പക്ഷേ അത് അദ്ദേഹത്തിനെതിരെ വ്യക്തിപരമായിട്ടുള്ള ഒരു പരാമർശം ആയിട്ട് നിങ്ങൾ കൊടുക്കരുത് പ്ലീസ്.
വ്യക്തിപരമായി ആരെയെങ്കിലും പരിഹസിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, യഥാർഥത്തിൽ എത്ര സൂപ്പർ ഹിറ്റ് തന്നാലും അദ്ദേഹത്തെ അമാനുഷികൻ എന്ന് വിശേഷിപ്പിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. അതേ അവസരത്തിൽ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ ഒരു നടനെയോ നായകനെയോ പരിഹസിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. യഥാർഥത്തിൽ ഈ സിനിമകൾ എല്ലാം തന്നെ നിർമിക്കുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷകളാണ്. പ്രേക്ഷകർ അത് ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെയാണ് പലപ്പോഴും സിനിമയുമായി മുന്നോട്ടുവരുന്നത്.
പക്ഷേ അവരെ നിരാശപ്പെടുത്തുമ്പോൾ അവർ വളരെയധികം നിരാശപ്പെട്ടു പറയുന്ന ചില പ്രസ്താവനകളുണ്ട്. അതൊരു നായകനെതിരെയുള്ള സ്റ്റേറ്റ്മെന്റ് എന്നതിനപ്പുറം നായകനിൽ അർപ്പിച്ച പ്രതീക്ഷ തകർത്തതിലുള്ള ദേഷ്യമാണ്. നായകനോടുള്ള ദേഷ്യമല്ല. ഏത് ഹീറോ ആണെങ്കിലും ശരി എന്തെങ്കിലും കാണും എന്ന് വിചാരിച്ച് വന്നിട്ട് ഒന്നുമില്ല എന്ന് വരുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ പറയുന്നതാണ്. ഇന്ന് ഒരാൾ, നാളെ വേറൊരാൾ. എന്റെ ഒരു ചിത്രം തന്നെ എന്തെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു വന്നിട്ട് ഞാൻ ഇതേപോലെ പ്രമോഷനിൽ ഒക്കെ ഇരുന്ന് പറഞ്ഞിട്ട് അവിടെ വരുമ്പോൾ തീർത്തും നിരാശപ്പെടുത്തിയാൽ ആ പ്രതീക്ഷ തകർത്തതിന്റെ ഒരു ദേഷ്യമോ എന്തെങ്കിലും ഒരു വികാരമോ നിങ്ങൾക്ക് എന്നോട് ഉണ്ടാകും. അതിൽ പരിഭവിച്ചിട്ട് കാര്യമില്ല അത്രയേ ഉള്ളൂ. അത് എനിക്കെതിരെയുള്ള അല്ലെങ്കിൽ എന്നോടുള്ള വ്യക്തിപരമായ വിരോധമായിട്ട് ഞാൻ കണക്കാക്കില്ല,’ ജഗദീഷ് പറഞ്ഞു.