മഹാകുംഭ മേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്യുന്ന വിഡിയോ സീരിയല്‍ താരം ശ്രീക്കുട്ടി പങ്കുവച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപക വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീക്കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി, ഇതുവരെ തനിക്കൊരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ് ഇടുന്നവർക്കാണ് യഥാർഥത്തിൽ ചൊറിച്ചിലെന്നും താരം പറയുന്നു.
‘ഈ തിരക്കിനിടയിലും ഇങ്ങനൊരു വിഡിയോ ചെയ്യാനുള്ള കാരണമുണ്ട്. മഹാ കുംഭ മേളയുടെ ഭാഗമാകാൻ എനിക്കും എന്റെ ഭർത്താവിനും കഴിഞ്ഞിരുന്നു. പോകാൻ പറ്റാത്തവരൊക്കെ ഞങ്ങൾക്കൊപ്പം ആ യാത്രയിൽ കൂടിയിട്ടുണ്ടായിരുന്നു. എന്നാൽ നൂറിൽ അറുപത് ശതമാനം പേരും ഇതിനു എതിരായിരുന്നു. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. കൂടുതലും നെഗറ്റീവാണ്. ഇപ്പോഴും പലരും മെസേജുകൾ അയയ്ക്കുന്നുണ്ട്, അതുകൊണ്ട് എനിക്കിതിവിടെ പറയണമെന്നു തോന്നി. കമന്റ് ചെയ്തവർ ഈ വിഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവർ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങൾ കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി. ഞങ്ങൾക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.
ഞങ്ങളവിടെ ത്രിവേണി സംഗമത്തിലാണ് സ്നാനം ചെയ്തത്. അവിടെ സ്നാനം ചെയ്ത ദിവസം കുളിക്കാൻ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതിൽ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങൾക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടിൽ വന്ന ശേഷമാണ് മുടി വരെ കഴുകിയത്.എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണ്’ ശ്രീക്കുട്ടി പറഞ്ഞു.