വിവാഹത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് നടി നിഖില വിമല്‍. ആണിനെ നന്നാക്കാനായി വിവാഹം കഴിപ്പിക്കരുതെന്നും പെണ്‍കുട്ടികള്‍ക്ക് എപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും താരം പറയുന്നു. നന്നായി പഠിക്കുന്ന കുട്ടികളെ 18 വയസ്സിൽ കല്യാണം കഴിപ്പിച്ചു വിടുക എന്ന് പറയുമ്പോള്‍ അവരെ കൊല്ലാൻ വിടുന്നത് പോലയാണ് തോന്നാറെന്നും താന്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിന് ശേഷം നല്ല ഒരാള്‍ വന്നു എന്ന് തോന്നിയാല്‍ വിവാഹം ചെയ്യുമെന്നും നിഖില വ്യക്തമാക്കി.
നിഖിലയുടെ വാക്കുകള്‍
എനിക്ക് ആരെയും നന്നാക്കാനോ ആരെയെങ്കിലും മോശമാക്കാനോ താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ നന്നായികൊള്ളുക. ഒരാള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുക, പക്ഷേ എനിക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഇറങ്ങിപ്പോകാനുള്ള സ്പേസ് ഉണ്ടായിരിക്കണം. അത് ഞാന്‍ എപ്പോഴും എല്ലാവരോടും പറയുന്ന കാര്യമാണ്. ഒരുപരിധിയില്‍ കൂടുതല്‍ എവിടെയും സഹിച്ച് നില്‍ക്കരുത്. എനിക്ക് വിദ്യഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ പഠിച്ചത് ഒരു മുസ്‍ലിം കോളജിലാണ്. അവിടെ എന്‍റെ കൂടെ പഠിച്ചവരൊക്കെ 20 വയസ് ആകുമ്പോഴേക്കും കല്ല്യാണം കഴിക്കും. അവരോട് ഇത് കഴിഞ്ഞിട്ട് പഠിക്കുമോ എന്ന് ചോദിച്ചാല്‍ പഠിക്കും, ഭര്‍ത്താവ് പഠിപ്പിക്കും എന്നാണ് പറയുക. അപ്പോള്‍ ഞാന്‍ പറയും ഭര്‍ത്താവ് അല്ല പഠിക്കാന്‍ വിടുക, നി പഠിക്കോ എന്നാണ് ചോദിക്കുന്നതെന്ന്. ഞാന്‍ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ശല്യം ചെയ്തിട്ട് പഠിച്ച് ഡിഗ്രി എടുത്ത എന്‍റെ അടുത്ത സുഹൃത്തുക്കളുണ്ട്.
ഇപ്പോ നിങ്ങള്‍ക്ക് അത് മനസിലാകില്ല, ഭാവിയില്‍ എന്തെങ്കിലും വന്നാല്‍ അത് ഡിവോഴസ് ആകണമെന്നില്ല ഭര്‍ത്താവിന് എന്തെങ്കിലുമൊരു സാമ്പത്തിക ബുദ്ധിമുട്ട് വന്നാല്‍ വെറുതെ നോക്കി നില്‍ക്കുന്നവരാകരുത്. അതുകൊണ്ട് വിദ്യാഭ്യാസം വേണമെന്ന് ഞാന്‍ പറയാറുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളെ 18 വയസ്സിൽ കല്യാണം കഴിപ്പിച്ചു വിടുക എന്ന് പറയുമ്പോള്‍ എനിക്ക് അവരെ കൊല്ലാൻ വിടുന്നത് പോലത്തെ തോന്നലാണ് .
എന്നോട് എന്‍റെ അമ്മ കല്ല്യാണം കഴിക്കാന്‍ പറയുമ്പോള്‍ ഞാന്‍ പറയാറ് എനിക്ക് ഒരു സാമ്പത്തിക ഭദ്രത ആയി എന്ന് തോന്നണം. എന്നെ ഒരിക്കലും നിര്‍ബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിക്കാന്‍ പറ്റില്ല. നല്ല ഒരാള്‍ വന്നു എന്ന് തോന്നുമ്പോള്‍ ഞാന്‍ കല്ല്യാണം കഴിക്കും. അല്ലാതെ ഈ പ്രായത്തില്‍ കല്ല്യാണം കഴിക്കണം എന്ന് പറഞ്ഞ് കല്ല്യാണം കഴിക്കുന്നത് എനിക്ക് ഓക്കെ അല്ല. ആരെങ്കിലും നിര്‍ബന്ധിച്ചിട്ട് ഞാന്‍ എന്‍റെ ലൈഫില്‍ ചെയ്തതൊക്കെ പാളിയിട്ടേയുള്ളു.