ആര്യ, നിഖില വിമൽ, വൈഷ്ണവി ചൈതന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഒരു തമിഴ് റൊമാന്റിക്-കോമഡി ചലച്ചിത്രമാണ് 'ഹലോ കാതല്‍'. മലയാളത്തിൽ ശ്രദ്ധേയമായ 'പ്രണയ വിലാസം' എന്ന ചിത്രം സംവിധാനം ചെയ്ത നിഖിൽ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ ആദ്യ സിംഗിളായ "കണ്ണും കണ്ണും" കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലനും ശിവാംഗി കൃഷ്ണകുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിലും റീലുകളിലും വലിയ ചര്‍ച്ചയാണ്. കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു മീം ഈ പാട്ടില്‍ പുനരാനിഷ്കരിച്ചിരിക്കുകയാണ്.
ഒരു സിനിമാ ഷൂട്ടിങ്ങിനിടയിൽ നടൻ വിശാലും യോഗി ബാബുവും ഒരുമിച്ച് ബിരിയാണി കഴിക്കാൻ ഇരിക്കുന്നതാണ് ഈ മീമിന്‍റെ പശ്ചാത്തലം. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് വിശാൽ ക്രിസ്ത്യന്‍, മുസ്ലിം, ഹൈന്ദവ രീതികളില്‍ പ്രാര്‍ഥിക്കുന്നുണ്ട്. ഇതിനോട് അടുത്തിരിക്കുന്ന യോഗി ബാബുവിന്‍റെ റിയാക്ഷനും വൈറലായിരുന്നു. ട്രോളന്മാരും റീൽസ് ക്രിയേറ്റർമാരും ഈ ടെംപ്ലേറ്റ് ഏറ്റെടുത്തിരുന്നു.
ഈ രംഗമാണ് ആര്യയുടെ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. കാസിനോയിലെ ചൂതാട്ടത്തിനിടെ വിശാലിനെ പോലെ എല്ലാം മതരീതികളിലും നിഖിലയുടെ കഥാപാത്രം പ്രാര്‍ഥിക്കുന്നതും അത് കണ്ട് ആര്യ അമ്പരക്കുന്നതുമാണ് രംഗത്തില്‍. പാട്ട് പുറത്തുവന്നതോടെ അടുത്ത സുഹൃത്തായ വിശാലിനെ തന്നെ ആര്യ ട്രോളിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇങ്ങനെയൊരു രംഗം വന്നതിന് പിന്നില്‍ ആര്യയല്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ആര്യയുടെ 40-ാമത്തെ ചിത്രമാണിത്. ആര്യയുടെ സ്വന്തം ബാനറായ 'ദി ഷോ പീപ്പിൾ', 'സിൽവർ ഗ്രെയിൻ പിക്ചേഴ്സ്' എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 4-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്കിൽ 'ഹലോ പ്രേമ' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.