TOPICS COVERED

നടന്‍ ബാലയ്ക്കെതിരെ വ്യജരേഖ ചമയ്ക്കലിനും വഞ്ചനാക്കുറ്റത്തിനും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബാലയും ഭാര്യ കോകിലയും.മുൻഭാര്യയുമായുള്ള വിഷയത്തിൽ ഇനി ഒരിക്കലും താന്‍ പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിക്കും പൊലീസിനും വാക്ക് നല്‍കിയതാണ്. ആ വാക്ക് താന്‍ തെറ്റിച്ചിട്ടില്ല. താനും കോകിലയും സമാധാനമായി ജീവിച്ചുവരുകയാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോവുകയാണ്. ഇങ്ങനെ തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകാതെ ജീവിക്കുന്ന താന്‍ വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് തെറ്റാണെന്നും മാധ്യമങ്ങൾ ഒരിക്കലും ഇത്തരത്തിൽ പറയരുതെന്നും ബാല പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. ബാലയുടെ ഭാര്യ കോകിലയും ബാലക്ക് പിന്തുണയുമായി എത്തി.

ബാലയും മുൻ ഭാര്യയും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ മുൻ ഭാര്യയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് ബാലയ്‌ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചതാണെന്നും ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്.വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും മുൻ ഭാര്യയുടെ പരാതിയിൽ പറയുന്നു.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്ന ബാലയുടെ വാക്കുകകള്‍ ഇങ്ങന:

"എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. ഞാൻ ഇതിനെക്കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പോലീസിനും ഞാൻ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്. പിന്നെ കേസിനു മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാണ്. മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങൾ ഇപ്പോൾ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡിൽ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

എന്റെ അവസ്ഥ എന്താണെന്ന് വച്ചാൽ സംസാരിച്ചാൽ എന്റെ മേലിൽ അടുത്ത കേസ് വരും സംസാരിച്ചില്ലെങ്കിൽ യുട്യൂബ് കാരും ചാനലുകളും ഉൾപ്പടെ എനിക്കെതിരെ ഓരോ ആരോപണങ്ങൾ പറയും. ഞാൻ വ്യാജ രേഖ ഉണ്ടാക്കി എന്നൊക്കെ ചാനലിൽ പറയുന്നത് കേട്ടു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്, ഞാൻ മിണ്ടണോ മിണ്ടാതെ ഇരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാൻ എന്ത് ചെയ്യണം? ഞാൻ എന്റെ ഭാര്യയോടൊപ്പം ജോളി ആയി ഇരിക്കുകയാണ്. ഞങ്ങൾക്കൊരു കുട്ടി വരാൻ പോകുന്നു, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോകുന്നതായിരിക്കും നല്ലത്. 

അവരവർക്ക് അർഹതപ്പെട്ടത്‌ അവരവർക്ക് തീർച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് ബാല കേൾക്കാൻ ഉള്ള വാക്കല്ല. അത് വളരെ തെറ്റായിപ്പോയി. ഒരുപാട് പേർക്ക് നന്മ ചെയ്യുന്ന ആളാണ് ഞാൻ. ആ നന്മയ്ക്ക് എല്ലാം വിഷം വക്കുന്നതുപോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല."

ബാല പറയുന്നതിനെ അനുകൂലിച്ച് ഭാര്യ കോകിലയും വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഞങ്ങൾ സമാധാനമായി കഴിയാനാഗ്രഹിക്കുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്ന് തുടർച്ചയായി പ്രശ്ങ്ങൾ ഉണ്ടാക്കുകയാണെന്ന് കോകില പറഞ്ഞു.

ENGLISH SUMMARY:

Actor Bala and his wife Kokila have responded after a case was filed against him for forgery and fraud. Bala stated that he had promised the court and police never to mention his past marriage and has not broken that promise. He emphasized that he and Kokila are living peacefully and expecting a child, urging people not to create unnecessary issues. Bala denied the allegations. His wife Kokila also expressed support for him. The response was shared via a social media video.