താളം തെറ്റിയ അമ്മ മനസ്സിന്‍റെ കഥ പറഞ്ഞ തടവ് എന്ന ചിത്രം തിയേറ്ററുകളിലേക്ക്. നവാഗതനായ ഫൈസൽ റസാഖാണ് ചിത്രത്തിന്‍റെ സംവിധാനം. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
അങ്കണവാടി ടീച്ചറായ ഗീതയുടെ ജീവിതത്തിലൂടെയാണ് 'തടവ്' എന്ന സിനിമയുടെ യാത്ര. അവരുടെ ഒറ്റപ്പെടലും ജീവിതപ്രശ്നങ്ങളും, അതുവഴി ഉണ്ടാകുന്ന സംഘർഷങ്ങളും ചിത്രം ആഴത്തിൽ ചർച്ച ചെയ്യുന്നു.
സിനിമ എന്ന സ്വപ്നമാണ് നവാഗതരായ കുറച്ച് അഭിനേതാക്കളെ ചേർത്ത് 'തടവ്' പൂർത്തിയാക്കാൻ ഫൈസലിനെ പ്രേരിപ്പിച്ചത്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകളെപ്പറ്റി ഇനിയും സമൂഹം സംസാരിക്കണമെന്ന് സംവിധായകൻ പറയുന്നു.
ഗീത എന്ന കഥാപാത്രത്തെ സ്ക്രീനിൽ എത്തിക്കുക എന്നത് ശ്രമകരമായിരുന്നുവെന്ന് നടി ബീന ആർ ചന്ദ്രൻ. ഐ എഫ് എഫ് കെ ഉൾപ്പെടെയുള്ള ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ഈ മാസം 21ന് തിയേറ്ററുകളിലെത്തും.