റിലീസ് സമയത്ത് അത്യന്തം വെറുക്കപ്പെട്ട കഥാപാത്രം. സ്ക്രീനില്‍ അവരെ കണ്ടാല്‍ നായകന്റെ ആരാധകര്‍ കൂവലുമായി എഴുന്നേറും. ചെരിപ്പുകള്‍ പറക്കും. ചില തിയേറ്ററുകളില്‍ സ്‌ക്രീന്‍ വരെ വലിച്ചുകീറപ്പെട്ടു. എന്നാല്‍ 26 വര്‍ഷങ്ങള്‍ക്കിപ്പുറം റീറിലീസില്‍ കാഴ്ച മാറി. അവളുടെ ഇന്‍ട്രോയ്ക്ക്, ഡയലോഗുകള്‍ക്ക്, സ്റ്റൈലിന്, എന്തിന് തീക്ഷ്ണതയേറിയ കണ്ണുകളാല്‍ ഉള്ള ഒരു നോട്ടത്തിന് പോലും തിയേറ്ററുകള്‍ ആര്‍പ്പുവിളികളാല്‍ നിറഞ്ഞു. അതേ, നീലാംബരിയെ എങ്ങനെ മറക്കാനാവും.
ഒരുപക്ഷേ രജിനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിന്റെ നായകന്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും ശക്തമായ ആന്റഗോണിസ്റ്റ് നീലാംബരിയായിരിക്കും. വില്ലന്മാര്‍ തല്ലുകൊണ്ട് തോറ്റോടുന്ന കാലത്ത് അതിന് അപവാദമായാണ് നീലാംബരി എത്തുന്നത്. ശക്തിയാല്‍ അല്ല, മനഃശാസ്ത്രം കൊണ്ടും ബുദ്ധികൊണ്ടും നായകനെ വെല്ലുവിളിക്കുന്ന വില്ലത്തി. കാലങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രം ഓര്‍ത്തുവക്കപ്പെടുന്നത് എന്തുകൊണ്ട്? റീറിലീസില്‍ നായകനൊപ്പമോ ചിലപ്പോഴൊക്കെ അതിനുമേലെയോ നീലാംബരി ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ട്?
കാരണം, ഫീമെയ്ല്‍ ആന്റഗോണിസ്റ്റിന്‍റെ സ്ഥിരം വാര്‍പ്പുമാതൃകകളെ പൂര്‍ണമായി ഉടച്ചുകളഞ്ഞ കഥാപാത്രമാണ് നീലാംബരി. വാക്കിലും നോട്ടത്തിലും നിശ്ശബ്ദതയിലുമെല്ലാം തന്റെ സാന്നിധ്യം കൊണ്ട് സ്ക്രീനെ അവള്‍ ഡോമിനേറ്റ് ചെയ്തു. നീലാംബരിയെ പലപ്പോഴും പാമ്പിനോടാണ് ഉപമിക്കുന്നത്. ഉഗ്രവിഷമുള്ള മൂര്‍ഖനെ കണ്ട് നാട്ടുകാര്‍ ഓടുന്നിടത്താണ് അവളുടെ ഇന്‍ട്രോ. ‘നിലവിനാല്‍ നിര്‍മിച്ച ശില്‍പം, അവളുടെ കണ്ണുകളില്‍ കണ്ടത് അമൃതമല്ല, വിഷം’ എന്ന് മിന്‍സാര പൂവേ എന്ന പാട്ടില്‍ നായകന്‍ പാടുമ്പോള്‍, സിനിമയിലുടനീളം നീലാംബരിയുടെ വിഷഭാവം അടയാളപ്പെടുത്തപ്പെടുന്നു.
അക്കാലത്തെ പതിവ് വില്ലത്തിമാരുടെ എല്ലാ ‘ദുഷിച്ച’ ഗുണങ്ങളും അവള്‍ക്കുണ്ട്. അഹങ്കാരി, അടക്കമില്ലാത്തവള്‍, മോഡേണ്‍ വസ്ത്രം ധരിക്കുന്നവള്‍, നായകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അധികമായി ആസൈപ്പെടുന്ന’ പെണ്ണ്. താന്‍ നോക്കുന്നതെല്ലാം സ്വന്തമാണെന്ന വിശ്വാസം. കാര്‍ മുതല്‍ വീട്ടിലെ നായ വരെ, ലോകത്തിലെ ഏറ്റവും മികച്ചത് തന്നെയാണ് നീലാംബരിക്ക് വേണ്ടത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സെല്‍ഫ് ലവ്വിന്റെ തീവ്രരൂപം.
ആണുങ്ങളില്‍ പടയപ്പനെയാണ് അവള്‍ ‘ദി ബെസ്റ്റ്’ ആയി കണ്ടത്. എന്നാല്‍ പടയപ്പന്റെ തിരസ്കരണം നീലാംബരിയുടെ ഈഗോയെ തീപിടിപ്പിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ പ്രണയമല്ല, പ്രതികാരമാണ് തിരഞ്ഞെടുക്കുന്നത്. തിരസ്കരണത്തെ അംഗീകരിച്ച് ജീവിതവുമായി മുന്നോട്ട് പോകുന്നതിന് പകരം, ആ പകയുമായി 18 വര്‍ഷമാണ് അവള്‍ ജീവിക്കുന്നത്. തോല്‍വിയെ അംഗീകരിക്കാന്‍ മനസില്ലാത്ത നീലാംബരിയുടെ ഈഗോയോടുള്ള പടയപ്പന്റെ പോരാട്ടമാണ് സിനിമയുടെ കാതല്‍. അവളുടെ ആയുധം ശക്തിയല്ല, ബുദ്ധിയാണ്. തന്ത്രത്തിലൂടെയും കുബുദ്ധിയോടെയുമാണ് അവള്‍ നായകനെ നേരിടുന്നത്. അമാനുഷികനായ പടയപ്പ ഒരു ഘട്ടത്തില്‍ നീലാംബരിയുടെ മുന്നില്‍ തോല്‍ക്കുകയും അപമാനിതനാവുകയും ചെയ്യുന്നു.
ക്ലൈമാക്സില്‍ തോറ്റുപോകുമ്പോഴും അവള്‍ പരാജയം സമ്മതിക്കുന്നില്ല. 'ഭിക്ഷയായി തന്ന ജീവന്‍ എനിക്ക് വേണ്ട' എന്ന് പറഞ്ഞ്, നായകനെ കൊല്ലാന്‍ കൊണ്ടുവന്ന തോക്ക് സ്വന്തം ശരീരത്തിലേക്ക് നിറയൊഴിച്ച്, അവള്‍ സ്വന്തം വിധി തന്നെ തിരഞ്ഞടുക്കുന്നു. ആ മരണത്തിലൂടെയും അവള്‍ തന്റെ രീതിയിലുള്ള ഒരു വിജയം നേടുകയാണ്. പിന്നീട് സംവിധായകന്‍ കെ.എസ്. രവികുമാര്‍ തന്നെ വെളിപ്പെടുത്തി, നീലാംബരി എന്ന കഥാപാത്രത്തിന്റെ അധികാരഭാവത്തിനും ബോഡി ലാംഗ്വേജിനും പ്രചോദനമായത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണെന്ന്. ചില കഥാപാത്രങ്ങള്‍ കാലത്തെ തോല്‍പ്പിക്കും, നീലാംബരി അങ്ങനെയൊരു കഥാപാത്രമാണ്.