ഭർത്താവിന്‍റെ മദ്യപാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടി സുമ ജയറാം. കടുത്ത മദ്യപാനിയാണെന്ന വിവരം മറച്ചു വച്ചാണ് ഭർത്താവിന്റെ വീട്ടുകാർ തന്റെ വിവാഹം നടത്തിയതെന്നും മദ്യപാനത്തിന്റെ കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തോട് വിയോജിപ്പുള്ളതെന്നും വ്ലോഗിലൂടെ സുമ പറയുന്നു. കോടീശ്വരനായ ഭർത്താവിന്റെ പൈസ ധൂർത്തടിച്ചു ജീവിക്കുന്ന ഭാര്യയാണ് സുമയെന്നും വിവാഹ ശേഷമാണ് നടിയുടെ ഭർത്താവ് കടുത്ത മദ്യപാനിയായതെന്നുമായിരുന്നു വിമർശനം.
സുമ ജയറാമിന്‍റെ വാക്കുകള്‍
എന്റെ ഭർത്താവിനെ പിഴിഞ്ഞ് ജീവിക്കേണ്ട കാര്യം എനിക്കില്ല. ഒരു ഭർത്താവിന്റെ കടമയാണ് ഭാര്യയുടെ കാര്യങ്ങൾ നോക്കുക എന്നത്. എന്റെ ഭർത്താവ് അത് ചെയ്യുന്നു. പക്ഷേ കുടിക്കുന്ന കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. അത് താഴ്ത്തിക്കെട്ടി പറയുന്നതല്ല. ഭർത്താവ് ചെയ്തുകൊണ്ടിരുന്ന കാര്യമാണ് മദ്യപാനം. വിവാഹജീവിതം തുടങ്ങിയ ശേഷം അത് നിർത്തേണ്ട കടമ അദ്ദേഹത്തിനുള്ളതാണ്. അതിൽ ഭർത്താവിന്റെ നാട്ടുകാരോ സ്വന്തക്കാരോ എന്നെ അതിൽ പരാതി പറഞ്ഞിട്ട് കാര്യമല്ല. മദ്യം അദ്ദേഹം കുടിക്കുന്നതിനോടും പിന്നീട് മണ്ടത്തരം ചെയ്യുന്നതിലും എനിക്ക് വെറുപ്പുണ്ട്. അല്ലാതെ അദ്ദേഹത്തോടല്ല വെറുപ്പ്.
നിങ്ങൾ ചിന്തിക്കുന്നതുപോലെ ഭർത്താവിനെ വിട്ടിട്ട് പോകാൻ പാടില്ലെ എന്നു പറയുന്നതിലൊന്നും കാര്യമില്ല. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പരസ്പരം അനുസരിക്കേണ്ട ബാധ്യത ഇരുവർക്കുമുണ്ട്. അല്ലാതെ അദ്ദേഹത്തെ താഴ്ത്തിക്കെട്ടാനൊന്നും പറഞ്ഞതല്ല. ഒരു ഗ്ലാസ് ബിയറോ വൈനോ ഒക്കെ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷേ നാളെ മദ്യം കിട്ടില്ലെന്ന രീതിയിലൊക്കെ കുടിക്കുന്നത് ശരിയല്ല.ഞാൻ പറയുന്നത് എന്റെ മക്കൾക്കു കൂടി വേണ്ടിയുള്ള നല്ല കാര്യങ്ങളാണ്. ആ വിഡിയോ കണ്ടെങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും മാറ്റമുണ്ടാകട്ടെ എന്നോർത്തും. പക്ഷേ ആ വിഡിയോ പോലും അദ്ദേഹം കാണില്ല.
നാട്ടുകാരുടെ വായൊന്നും അടയ്ക്കാൻ പറ്റില്ല. നന്നായിട്ടു നടക്കുന്ന പെണ്ണിനെ കാണുമ്പോൾ ഒരു കുശുമ്പ് തോന്നും. എന്റെ ജീവിതം എന്റെ കയ്യിലാണ്. മക്കളെ എനിക്കു പറ്റാവുന്ന രീതിയിൽ നോക്കുന്നുണ്ട്. അതിൽ എന്റെ ഭർത്താവും കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.എനിക്ക് പറ്റാത്തൊരു അവസ്ഥ വന്നാല്‍ ഇട്ടിട്ടുപോകും. വിവാഹമോചനമൊക്കെ ഇപ്പോൾ വലിയ സംഭവമൊന്നുമല്ല. അവൾ എന്റെ ജീവിതത്തിൽ നിന്നും പോയികഴിഞ്ഞാൽ പ്രശ്നമാകുമെന്ന തോന്നൽ ഭർത്താവിനുണ്ട്. പക്ഷേ മദ്യം അദ്ദേഹത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. അതുകൊണ്ടാണ് അതിൽ നിന്നും പുറത്തേക്കു വരാൻ പറ്റാത്തത്. അതുമാത്രമാണ് എന്റെ വിഷമം. മദ്യത്തിൽ നിന്നും പുറത്തേക്കു വന്നിരുന്നെങ്കിൽ എന്തൊക്കെ നല്ല കാര്യങ്ങൾ സംഭവിക്കും. മക്കളെ നന്നായി നോക്കാം, ബിസിനസ്സ് നല്ല രീതിയിൽ ശ്രദ്ധിക്കാം. അതങ്ങനെ അല്ലാത്ത സാഹചര്യത്തിൽ അത് ചൂഷണം ചെയ്യാനും ആളുകൾ ഉണ്ട്.